തിരുവനന്തപുരം:സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ സർക്കാരിന് മനസ്സിലാക്കുന്നതിൽ സ്ഥിതി വിവര കണക്കുകകൾ അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേ ആനുവൽ സർവേ ഓഫ് അൺ ഇൻ കോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ് സർവേകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ കൃത്യമായ കണക്കുകൾക്ക് സാധിക്കും.ലോകത്ത് പലയിടത്തും ഭരണകൂടങ്ങൾ സ്ഥിതിവിവരക്കണക്കുകളെ ഭയക്കുന്നു.അമേരിക്കയിൽ ട്രംപ് ഭരണകൂടം സമീപകാലത്ത് തൊഴിൽമേഖലയിലെ കണക്കുകൾ പുറത്തുവിട്ടതിന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് മേധാവിയെ പുറത്താക്കിയത് ഉദാഹരണമാണ്.രാജ്യത്ത് സുസ്ഥിരവികസന സൂചികയിൽ എല്ലാ വർഷവും കേരളം മുന്നിലെത്തുന്നത് ശരിയായ സ്ഥിതി വിവരകണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവേ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സന്ദേശം നൽകുന്ന ലഘുലേഖകളുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.തൈക്കാട് നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണാമാധാവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ആസൂത്രണകമ്മീഷൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ,കേരള സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ പി.സി.മോഹനൻ,ജനറൽ ആൻഡ് സോൺ ഹെഡ് ഓഫ് സതേൺ സ്റ്റേറ്റ്സ് സജി ജോർജ്ജ്,സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡയറക്ടർ ഇൻചാർജ് രജത്.ജി.എസ് തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാനത്തെ തൊഴിൽമേഖകൾ, മനുഷ്യവിഭവശേഷി, തൊഴിൽസേന എന്നിവയെ സംബന്ധിച്ച് നിർണ്ണായകമായ സ്ഥിതിവിവരക്കണക്കുകളും, ലേബർഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ്,വർക്കർ പോപ്പുലേഷൻ റേഷ്യോ, തൊഴിലില്ലായ്മ നിരക്ക് എന്നിങ്ങനെയുള്ള സ്ഥിതിവിവരക്കണക്കുകളാണ് സർവ്വേയിലൂടെ ശേഖരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |