തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകോപിതനായി എന്തെല്ലാമോ വിളിച്ചു പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞതിന്റെ വികാരം ഉൾക്കൊണ്ടായിരുന്നു അദ്ദേഹം
പ്രതികരിക്കേണ്ടിയിരുന്നത്. കുറ്റാരോപിതരെ വഴി വിട്ട് ന്യായീകരിക്കുന്നത് അവരെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഗൗരവമുള്ള വിഷയമാണ്. അത്തരമൊരാൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന പൊതു അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്. രാഹുലിന് എത്ര നാൾ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് അറിയില്ല, ഒന്നിലധികം സംഭവങ്ങളെപ്പറ്റിയാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.ഒരു സംഭാഷണത്തിൽ ഗർഭം അലസിപ്പിക്കുന്നതിനെപ്പറ്റിയും, അല്ലെങ്കിൽ ആ യുവതിയെ കൊല്ലാൻ വേണ്ട സമയത്തെക്കുറിച്ചുള്ള പരാമർശവുമൊക്കെ പുറത്തു വന്നിരുന്നു. എത്ര മാത്രം ക്രിമിനൽ രീതിയാണ് വരുന്നതെന്നാണ് കാണേണ്ടത്. പൊതു പ്രവർത്തകർക്കുണ്ടായിരുന്ന അംഗീകാരത്തിന് അപവാദം വരുത്തുന്ന ചില കാര്യങ്ങൾ സംഭവിച്ചു. കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കേണ്ടതായിരുന്നു. അത്തരത്തിലുള്ളയാളെ സംരക്ഷിക്കാൻ തയാറാകുന്ന നില പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലായിരുന്നു.
പരാതിക്കാർക്ക് സംരക്ഷണം നൽകും
രാഷ്ട്രീയത്തിന് അപമാനമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. നിയമപരമായ നടപടികൾ പൊലീസ് സ്വീകരിക്കും. വി.ഡി.സതീശന്റെ ബോംബ് വരട്ടെ, കാണാം. പരാതി നൽകുന്നവർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം ഉറപ്പാക്കും. ജീവന് ഭീഷണിയുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈംഗിക കേസ് പ്രതികളെ സംരക്ഷിക്കുന്നത് പിണറായി: വി.ഡി.സതീശൻ
ലൈംഗിക അപവാദക്കേസുകളിൽ ഇത്രയേറെ പ്രതികളെ സംരക്ഷിച്ച മറ്റൊരു രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും പിണറായി വിജയനെപ്പോലെ രാജ്യത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു..
രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് സംരക്ഷിക്കുകയാണെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. പരാതിയോ എഫ്.ഐ.ആറോ രാഹുലിനെതിരെയില്ല. എടുക്കാവുന്ന ഏറ്റവും വലിയ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്.ലൈംഗിക അപവാദക്കേസിലുൾപ്പെട്ട രണ്ടു പേർ മന്ത്രിസഭയിലുണ്ട്. സി.പി.എമ്മിലെ മുതിർന്ന നേതാവ് പരാതി ഉന്നയിച്ചപ്പോൾ പൊലീസിന് കൈമാറാതെ പ്രതിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ താക്കോൽ സ്ഥാനത്തിരുത്തി. മുഖ്യമന്ത്രിക്ക് കൈ പൊക്കുന്ന ഒരു എം.എൽ.എ മാനഭംഗക്കേസിലെ പ്രതിയാണ്.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആർക്കൊപ്പമായിരുന്നെന്ന് അന്വേഷിച്ചില്ല. മറ്റൊരു മുതിർന്ന എം.എൽ.എയും മുൻ മന്ത്രിയുമായ സി.പി.എം നേതാവിന്റെ വാട്സാപ് സന്ദേശം കറങ്ങി നടക്കുകയാണ്.
കളങ്കിത വ്യക്തി ചെന്നൈയിൽ കമ്പനി തുടങ്ങി ഹവാലയും റിവേഴ്സ് ഹവാലയും നടത്തി മന്ത്രിമാരുടെയും നേതാക്കളുടെയും അക്കൗണ്ടിലേക്ക് പണമയച്ചതിലും, പാർട്ടി സെക്രട്ടറിയുടെ മകനെതിരായ ആരോപണത്തിലും മുഖ്യമന്ത്രി ചെറുവിരലനക്കിയില്ല.
108 ആംബുലൻസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയർന്നത്. ജി.വി.കെ ഇ.എം.ആർ.ഐ എന്ന കമ്പനിക്ക് 517 കോടി രൂപയ്ക്കാണ് 2019ൽ കരാർ നൽകിയത്. അഞ്ചു വർഷം കഴിഞ്ഞപ്പോൾ അതേ കമ്പനിയുടെ തുക 293 കോടിയായി കുറഞ്ഞു. 2019ൽ വാങ്ങിയ അധിക തുക അഴിമതിയാണ്.
സംഘപരിവാറിനെയും അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കുമെന്നാണ് സി.പി.എമ്മിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. സംഘപരിവാറിനെ താലോലിക്കാനും ഭൂരിപക്ഷ വർഗീയതയെ വളർത്താനുമാണിത്. പ്രതിപക്ഷ നേതാവ് ഉപരക്ഷാധികാരിയെന്ന തരത്തിൽ സർക്കാർ ഉത്തരവിറക്കിയത് താൻ അറിയാതെയാണ്. പദവി സ്വീകരിക്കില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |