തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഇവിടെ കൂടുതൽ ലഭ്യമായിട്ടുള്ള തോറിയം അടിസ്ഥാനമാക്കി ആണവ നിലയമാകാമെന്ന നിർദ്ദേശം കേരളം മുന്നോട്ട് വച്ചെങ്കിലും കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയിട്ടില്ല.
ലോകത്തെ തോറിയം ശേഖരത്തിന്റെ 30 ശതമാനവും കേരള കടൽത്തീരത്താണ്.കേരള തീരത്ത് രണ്ടു ലക്ഷം ടൺ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. കൂടുതൽ തോറിയം നിക്ഷേപമുള്ളത് ചവറ തീരത്തെ കരിമണലിലാണ്. ഇതുപയോഗപ്പെടുത്തിയാൽ കുറഞ്ഞ ചെലവിൽ വൈദ്യുതിയുണ്ടാക്കാമെന്ന നിർദ്ദേശമാണ് സംസ്ഥാനം സമർപ്പിച്ചത്. കരിമണൽ ശേഖരമുള്ള കായംകുളത്ത് എൻ.ടി.പി.സി.ക്ക് 1180 ഏക്കർ സ്ഥലമുണ്ട്. അതിൽ 600 ഏക്കർ ഉപയോഗിച്ച് തോറിയം ആണവനിലയമുണ്ടാക്കാം.385 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപവൈദ്യുത നിലയത്തിൽ നിന്ന് നിലവിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല.
തോറിയം അടിസ്ഥാനമാക്കിയുള്ള ആണവ നിലയം ഭാഭാ അറ്റോറിക് റിസർച്ച് സെന്റർ കൽപാക്കത്ത് സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദഗ്ധ സംഘം ഈ നിലയം സന്ദർശിച്ച് സാധ്യതാ പഠനം നടത്തി. യുറേനിയം 35 റിയാക്ടറിൽ തോറിയം നിക്ഷേപിച്ച് പ്രവർത്തിപ്പിച്ചാൽ യുറേനിയം 233 ഐസോടോപ്പ് ലഭ്യമാകും. ഇതിനെ ശുദ്ധീകരിച്ച് കൃത്രിമമായി ആണവോർജം ഉത്പാദിപ്പിക്കുന്നതാണ് കൽപാക്കം മാതൃക. ഇതിന് അനുയോജ്യമായ തോറിയം ശേഖരമാണ് കേരളത്തിലുള്ളത്. സംസ്ക്കരണ ചെലവും വൈദ്യുതി ഉൽപാദന ചെലവും കുറയും.ശക്തമായ സുരക്ഷാ കവചത്തോടെ ഒരുക്കുന്നതായതിനാൽ പാരിസ്ഥിതികമായോ അല്ലാതെയോ ഉള്ള പ്രശ്നങ്ങളില്ലാത്തതാണ് കൽപാക്കം മാതൃക. അത് കേരളത്തിന് അനുയോജ്യമാണെന്ന് കെ.എസ്.ഇ.ബി വിലയിരുത്തിയിട്ടുണ്ട്.സംസ്ഥാനത്ത് ആണവ നിലയ സ്ഥാപന സാധ്യത സംബന്ധിച്ച് ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡിലെ വിദഗ്ധ സംഘം ബാബാ അറ്റോമിക് റിസർച്ച് സെന്ററുമായി പ്രാരംഭ ചർച്ച നടത്തി
#സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം- 2823- 3100 മെഗാവാട്ട്
#ഉപയോഗം 4800-5200 മെഗാവാട്ട്
#വൈദ്യുതി വാങ്ങാനുള്ള ചെലവ് -13200 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |