കണ്ണൂർ: രാജ്യസഭാംഗമായി നിർദ്ദേശിച്ചതിൽ സന്തോഷമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ.
ഈ പദവി പ്രതീക്ഷിച്ചിരുന്നില്ല, രണ്ട് ദിവസം മുൻപ് മോദിജി നേരിട്ട് വിളിച്ചിരുന്നു. പാർട്ടി ഒരു ചുമതല ഏൽപ്പിക്കാൻ പോവുകയാണ്, ഏറ്റെടുക്കണം എന്ന് പറഞ്ഞു. പക്ഷേ എന്താണെന്ന് രാവിലെയാണ് അറിഞ്ഞത് .
കേരളത്തിൽ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും വികസിത കേരളം എന്ന ബി.ജെ.പി മുദ്രാവാക്യത്തിന് കൂടുതൽ അംഗീകാരം നേടുന്നതിനുമുള്ള ഉപാധി എന്ന നിലയ്ക്കാണ് പദവിയെ കാണുന്നത്.
കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് . കേരളത്തെ സംബന്ധിച്ച് വലിയ പ്രതീക്ഷകളാണ് പാർട്ടി പുലർത്തുന്നത്. ആ പ്രതീക്ഷ സഫലീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. കേരളത്തിനുള്ള അംഗീകാരം കൂടിയാണിത്. കേരളത്തോട് പ്രത്യേകമായ താത്പര്യവും ശ്രദ്ധയും കരുതലും ബി.ജെ.പി കേന്ദ്ര നേതൃത്വം എപ്പോഴും പുലർത്തിയിട്ടുണ്ട്.
ഇവിടെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നില്ല എന്നതിനപ്പുറത്ത് കേരളത്തിലെ ജനങ്ങളെ പൂർണ്ണമായും വിശ്വാസത്തിലെടുത്തുകൊണ്ട് കേരളത്തിന് നന്മ ചെയ്യണം എന്ന താത്പര്യത്തോടെയാണ് നയസമീപനങ്ങൾ രൂപപ്പെടുന്നത്.
അഭിനന്ദിച്ച് പ്രധാനമന്ത്രി
സി. സദാനന്ദന്റെ ജീവിതം ധൈര്യത്തിന്റെയും അനീതിക്ക് മുന്നിൽ കീഴടങ്ങാത്ത മനോഭാവത്തിന്റെയും മാതൃകയാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അക്രമത്തിനും ഭീഷണിക്കും സദാനന്ദന്റെ ആവേശത്തെ തടയാനാകില്ല. അദ്ധ്യാപകനായും സാമൂഹിക പ്രവർത്തകനുമായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം പ്രശംസനീയമാണ്. എം.പി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനാകട്ടെ എന്നും ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |