
തിരുവനന്തപുരം: ദേശീയ പാത അതോറിട്ടിയുടെ അനാസ്ഥ കൊണ്ടാണ് നിർമ്മാണത്തിലുള്ള റോഡുകൾ പതിവായി തകരുന്നതെന്ന ആക്ഷേപം ശക്തമായി. നിർമ്മാണത്തിന്റെ മേൽനോട്ടം 'സ്വതന്ത്ര എൻജിനിയറിംഗ്" എന്ന സംവിധാന പ്രകാരം കൺസൾട്ടൻസികൾക്ക് നൽകുകയാണ്. പോരായ്മ കണ്ടെത്തി അറിയിക്കേണ്ടത് അവരാണ്. അതോറിട്ടിയിൽ നിന്ന് തിരിഞ്ഞു നോക്കാറില്ല.
കൊള്ളലാഭത്തിനായി കരാർ കമ്പനികൾ കുറുക്കുവഴി തേടുമ്പോഴും മൗനം പാലിക്കുന്നതാണ് ദുരന്തം വരുത്തുന്നത്. കാസർകോട്ടും കണ്ണൂരും മലപ്പുറത്തും ദുരന്തങ്ങളുണ്ടായി. എന്നിട്ടും ദേശീയ പാത അതോറിട്ടി മറ്റു പ്രദേശങ്ങളിൽ മുൻകരുതലെടുത്തില്ല. അതിന്റെ അനന്തരഫലമാണ് കൊട്ടിയത്തിനടുത്ത് മൈലക്കാട് പാത തകരാനിടയാക്കിയത്. റോഡ് തകർന്നതിനാൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്.
കാസർകോട് ചെറുവത്തൂരിന് സമീപം കുന്നിടിഞ്ഞ് ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ പതിക്കുകയായിരുന്നു. കണ്ണൂരിൽ കുപ്പത്ത് നിർമ്മാണത്തിലിരുന്ന പാത മഴയത്ത് ഒലിച്ചു പോവുകയായിരുന്നു. മേയ് 19ന് മലപ്പുറം വേങ്ങര കൂരിയാട് ഭാഗത്തുണ്ടായത് കഴിഞ്ഞ ദിവസം കൊട്ടിയത്തുണ്ടായതിന് ഏറെക്കുറെ സമാനമായ അത്യാഹിതമാണ്. സർവീസ് റോഡിലെ മണ്ണ് വയലിലേക്ക് തള്ളി മാറിയപ്പോൾ,ഉയരപ്പാതയുടെ ഭിത്തി ഇടിയുകയായിരുന്നു. ഇതേതുടർന്ന് കേരളത്തിലെ ദേശീയപാത 66ലെ തുടർ നിർമ്മാണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ദേശീയപാത അതോറിട്ടിക്ക് നിർദ്ദേശം നൽകിയിരുന്നു.
അതോറിട്ടി നിയോഗിച്ച നാലംഗ വിദഗ്‌ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ മൈലക്കാട് ഉൾപ്പെടുന്ന കൊല്ലം ബൈപാസ് - കടമ്പാട്ടുകോണം റീച്ചിലും ആലപ്പുഴ ജില്ലയിലെ ചിലഭാഗങ്ങളിലും നിർമ്മാണത്തിൽ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മണ്ണ് ദുർബലമാണെന്നും കണ്ടെത്തിയിരുന്നു. റിപ്പോർട്ടിൽ തുടർ നടപടികളുമുണ്ടായില്ല. വയൽ, ചതുപ്പ്, തോടുകൾ എന്നിവയോട് ചേർന്ന് ഉയരത്തിൽ മണ്ണിട്ട് റോഡ് നിർമ്മിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ബോധ്യമായിട്ടും തൂണുകളിൽ മേൽപ്പാലം വേണമെന്ന് നിർദ്ദേശം നൽകിയില്ല.
മൈലക്കാട് തൂണുകളിൽ മേൽപ്പാലം വന്നേക്കും
കൊട്ടിയം മൈലക്കാട് തൂണുകളിൽ റോഡ് കടന്നുപോകുന്ന വയഡക്ട് മേൽപ്പാത നിർമ്മിച്ചേക്കും. അഞ്ചിരിട്ടി ചെലവ് വരും . അതുകൊണ്ടാണ് കരാറുകാർ മണ്ണിട്ട് നികത്തിയുള്ള നിർമ്മാണം നടത്തുന്നത്. മലപ്പുറം കൂരിയാടും റോഡ് തകർന്നശേഷമാണ് വയഡക്ട് നിർമ്മാണം ആരംഭിച്ചത്.
ജില്ലാ കളക്ടർ അദ്ധ്യക്ഷനായി സംസ്ഥാന സർക്കാർ സമിതികൾ വച്ചിട്ടുണ്ടെങ്കിലും സാങ്കേതിക നടപടികൾ നിർദേശിക്കാനുള്ള അധികാരമില്ല. കരാർ കമ്പനി ഗൗനിക്കാറുമില്ല. സംസ്ഥാന സർക്കാരിന് ദേശീയപാത വിഭാഗം ഉണ്ടെങ്കിലും ദേശീയപാത അതോറിട്ടിയും ഗൗനിക്കാറില്ല. മുഖ്യമന്ത്രിയും മറ്റും യോഗം വിളിച്ച് അഭിപ്രായം പറയാറുണ്ടെന്നു മാത്രം.
കൊട്ടിയം-തിരുവനന്തപുരം ഗതാഗതം ഇന്നു മുതൽ
കൊല്ലം: കൊട്ടിയം വഴി തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം ഇന്ന് രാവിലെ പുനരാരംഭിക്കും. സർവീസ് റോഡ് ഇന്നലെ രാത്രിയോടെ താത്കാലികമായി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി. അതിരാവിലെ മുതൽ ബസുകളും കാറുകളുമടക്കം കടത്തിവിടും. പൊലീസും റവന്യു വകുപ്പും പരിശോധിച്ച ശേഷമേ കണ്ടെയ്നർ ലോറികൾ അടക്കമുള്ള ഹെവി വാഹനങ്ങൾ കടത്തിവിടൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |