തിരുവനന്തപുരം: വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് തീരാൻ ഒന്നര മാസം മാത്രംശേഷിക്കേ, നിയമനം 30 ശതമാനം പോലും കടന്നിട്ടില്ല. സംസ്ഥാന പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിദ്ധ്യം 15 ശതമാനമാക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം മുഖ്യമന്ത്രി ആവർത്തിച്ചത് അടുത്തിടെയാണ്. എന്നാൽ, ബറ്റാലിയൻ അടിസ്ഥാനത്തിൽ നടത്തിയിരുന്ന വനിതാ പൊലീസ് നിയമനം സംസ്ഥാനതലത്തിലാക്കിയതല്ലാതെ നിയമനം വർദ്ധിപ്പിക്കാൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ഏപ്രിൽ 19ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ 967 പേരെയാണ് പി.എസ്.സി ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 259 പേർക്കു മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് 815 പേർക്ക് നിയമനം ലഭിച്ചിരുന്നു.
56,000 പേരുള്ള പൊലീസ് സേനയിൽ വനിതകൾ അയ്യായിരത്തോളം (12 ശതമാനം) മാത്രമാണ്. ഒരു സ്റ്റേഷനിൽ കുറഞ്ഞത് 6 വനിതാ സി.പി.ഒമാർ വേണമെന്നുണ്ട്. എന്നാൽ, സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ മിക്കതിലും പകുതിപോലുമില്ല.
പരിശീലനം കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ടിട്ടും ക്യാമ്പ് ഡ്യൂട്ടിയിൽ തുടരുന്ന 600ലധികം വനിതാ സി.പി.ഒമാരെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മാറ്റാത്തതാണ് പുതിയ ബാച്ചിന് നിയമനം ലഭിക്കാൻ തടസ്സമാകുന്നതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. സേനയിലെ ഉയർന്ന പദവികളിലും വനിതകൾ കുറവാണ്. 92 ശതമാനവും എസ്.ഐക്ക് താഴെയുള്ളവരാണ്. സി.ഐമാർ 26. എസ്.ഐ 131.
46 എണ്ണം എൻ.ജെ.ഡി
മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരെയാണ് റാങ്ക് ലിസ്‌റ്റിൽ പി.എസ്.സി ഉൾപ്പെടുത്തിയത്. ഇതിൽ നിയമന ശുപാർശ ലഭിച്ച 259 പേരിൽ 46 എണ്ണം എൻ.ജെ.ഡി ഒഴിവിലാണ്. യഥാർത്ഥ നിയമനം 213 മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |