കൊച്ചി: ശക്തമായ നിരീക്ഷണം തുടരുമ്പോഴും അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് ട്രെയിൻ വഴി കഞ്ചാവിന്റെ ഒഴുക്ക്. ഇന്നലെ എറണാകുളം ടൗൺ (നോർത്ത്) സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് 7.838 കിലോഗ്രാം കഞ്ചാവ് പിടികൂടി.
കോട്ടയം ഭാഗത്തേക്കുള്ള ട്രെയിൻ കടന്നുപോയതിന് പിന്നാലെ എറണാകുളം റെയിൽവേ പൊലീസ് എസ്.ഐ ഇ.കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ മദ്ധ്യഭാഗത്താണ് കഞ്ചാവ് കണ്ടെത്തിയത്. ട്രാവൽ ബാഗിൽ മൂന്ന് പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
പ്ലാറ്റ്‌ഫോമിൽ പൊലീസ് സംഘത്തെ കണ്ടപ്പോൾ കഞ്ചാവടങ്ങിയ ബാഗ് ഉപേക്ഷിച്ച് പ്രതികൾ കടന്നതാണെന്ന് കരുതുന്നു. ഈ ഭാഗം സി.സി ടിവി പരിധിയിൽപ്പെടാത്തതിനാൽ ആളെ തിരിച്ചറിയാനായില്ല. കണ്ടെടുത്ത കഞ്ചാവ് ഇന്ന് കോടതിയിൽ ഹാജരാക്കും.
ആർ.പി.എഫ് എസ്.ഐ കെ.ആർ. ഉണ്ണിക്കൃഷ്ണൻ, ജി.ആർ.പി സി.പി.ഒ അനീഷ്, ആർ.പി.എഫ് ഉദ്യോഗസ്ഥൻ സിജോ സേവിയർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
സൗത്തും ആലുവയും സ്ഥിരം കേന്ദ്രങ്ങൾ
എറണാകുളം സൗത്ത്, ആലുവ റെയിൽവേ സ്റ്റേഷനുകൾ വഴിയും കഞ്ചാവ് കടത്തുന്നുണ്ട്. ഏപ്രിൽ 24ന് സൗത്ത് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് 4.162 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതും ഉപേക്ഷിച്ച നിലയിലായിരുന്നു. അതേദിവസം നോർത്ത് സ്റ്റേഷനിൽ 4.152 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. ഇന്നലെ പാലാരിവട്ടം അഞ്ചുമനയിൽ 8.694 കിലോ കഞ്ചാവുമായി അറസ്റ്റിലായ ഒഡീഷ സ്വദേശികൾ ലഹരി കടത്തിയത് ട്രെയിനിലാണെന്ന് ഡാൻസഫ് സ്ഥിരീകരിച്ചിട്ടുണ്ട്. 27ന് മൂവാറ്റുപുഴയിൽ പിടിച്ചെടുത്ത 30 കിലോ കഞ്ചാവ് ഒഡീഷയിൽ നിന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിലിറക്കി ഓട്ടോയിൽ കൊണ്ടുവന്നതായിരുന്നു. എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ പൊലീസ് പരിശോധന ശക്തമാണെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഇതെന്ന് പൊലീസ് സംശയിക്കുന്നു.
അടവുകൾ 18
നിയമത്തിന്റെ പഴുതുകൾ കൃത്യമായി മനസിലാക്കിയാണ് ലഹരികടത്ത് സംഘങ്ങളുടെ നീക്കം. ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ കഞ്ചാവടങ്ങിയ ബാഗ് എവിടെയെങ്കിലും വച്ച ശേഷം മാറിനിന്ന് പ്ലാറ്റ്‌ഫോം നിരീക്ഷിക്കും. പൊലീസ് സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ബാഗുമായി നീങ്ങുകയുള്ളൂ. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന കഞ്ചാവിന്റെ തുടരന്വേഷണത്തിൽ പൊലീസിനും എക്‌സൈസിനും പരിമിതികളുണ്ടെന്നത് കഞ്ചാവ് ലോബിക്ക് സഹായകമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |