തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂരിൽ സുരേഷ് ഗോപിയും കുടുംബവും വോട്ടർ പട്ടികയിൽ പേരുചേർത്തതുമായി ബന്ധപ്പെട്ട് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ടി എൻ പ്രതാപൻ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
സുരേഷ് ഗോപിയും കുടുംബവും തൃശൂരിലേയ്ക്ക് വോട്ട് മാറ്റിയത് വ്യാജരേഖ ചമച്ചുകൊണ്ടാണെന്നും സത്യവാങ്‌മൂലം നൽകിയത് വ്യാജമായിരുന്നുവെന്നും അടക്കമുള്ള ആരോപണങ്ങളാണ് പ്രതാപൻ പരാതിയിൽ ഉന്നയിച്ചത്. ഓഗസ്റ്റ് 12ന് സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചത്.
വ്യാജരേഖ ചമച്ചതായുള്ള പരാതി നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും പൊലീസ് ടി എൻ പ്രതാപനെ അറിയിച്ചു. കമ്മിഷന്റെ ഭാഗത്തുനിന്ന് അത്തരം പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ല. ജില്ലാ ഭരണകൂടത്തിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നോ കൂടുതൽ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യം വീണ്ടും ആലോചിക്കുമെെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |