തൃശൂർ : പൂരത്തിന്റെ ശോഭ കെടുത്തും വിധം പെരുമാറിയ സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷമാകും നടപടി എന്നാണ് സൂചന. തിരഞ്ഞെടുപ്പിനിടയിൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ച പൊലീസ് നടപടിയിൽ മന്ത്രി കെ.രാജനടക്കം ഇടതു നേതാക്കൾ കടുത്ത രോഷത്തിലാണ്. ഇന്നലെ പുലർച്ചെ നടന്ന ചർച്ചയിൽ മന്ത്രി കെ.രാജനുൾപ്പെടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കളക്ടറും ശക്തമായ ഭാഷയിൽ പ്രതികരിച്ചെന്നാണ് വിവരം.
പൂരദിനത്തിൽ രാവിലെ മഠത്തിൽ വരവ് സമയത്ത് യു.ഡി.എഫ് നേതാവ് സി.പി.ജോൺ അടക്കമുള്ളവരെ സ്ഥലത്ത് നിന്ന് മാറ്റാൻ കമ്മിഷണർ ശ്രമിച്ചതും പ്രതിഷേധത്തിന് ഇടയാക്കി. പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് സമയത്തും വടംകെട്ടി കമ്മിറ്റിക്കാരെ ഉൾപ്പെടെയുള്ളവരെ മാറ്റി.
സേനയിലും കടുത്ത അതൃപ്തി
ഉന്നത ഉദ്യോഗസ്ഥരുടെ പിഴവുകൾക്ക് പഴി ഡ്യൂട്ടിയിൽ നിൽക്കുന്ന പൊലീസുകാർക്കാണെന്നാണ് സേനയിൽ മുറുമുറുപ്പ്. പൂരത്തിനിടെ ബാരിക്കേഡ് വച്ച് ജനത്തെ തടഞ്ഞതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് നേരെയായിരുന്നു ജനത്തിന്റെ രോഷം. തുടർച്ചയായി ഡ്യൂട്ടി ചെയ്ത് ഭൂരിഭാഗം പൊലീസുകാരും ക്ഷീണിതരായിരുന്നു. എവിടെ ഡ്യൂട്ടിക്ക് നിൽക്കണമെന്ന നിർദ്ദേശം പോലും പൊലീസുകാർക്ക് ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. പൊലീസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരമാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് സ്വരാജ് റൗണ്ടിലേക്ക് കയറിയ ഉടനെ റോഡിലേക്കുള്ള വഴികൾ അടച്ചത്. പൂരം നിയന്ത്രിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരെ നിർണായക സ്ഥലങ്ങളിൽ നിയോഗിച്ചില്ല. സ്ത്രീകൾക്ക് മാത്രമായുള്ള ഡ്യൂട്ടിക്ക് പൊലീസുണ്ടായിരുന്നില്ല.
മുഖ്യമന്ത്രി ഇടപെടണം:
പത്രപ്രവർത്തക യൂണിയൻ
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ മാദ്ധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയതിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പൂരത്തിന് മീഡിയ പാസ് അനുവദിക്കുന്നത് മുതൽ താളപ്പിഴകളായിരുന്നു. മാദ്ധ്യമ പ്രവർത്തകരെ രണ്ട് പക്ഷത്താക്കും വിധമാണ് പാസുകൾ നൽകിയത്. പൂരത്തലേന്നും പൂരദിനത്തിലും പാസുകൾക്കായി മാദ്ധ്യമ പ്രവർത്തകരെ യാചകരെ പോലെ നിറുത്തിയ പൊലീസിന്റെ നടപടി തരം താണതാണെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |