
മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവർ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് പോലും കോഴിക്കോട് പരാജയം ഉണ്ടായെന്നും സർക്കാരിന് ഭരണം തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്നും അൻവർ കൂട്ടിച്ചേർത്തു.
'പിണറായിയിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്. അതല്ല ഉണ്ടായത്. മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുകയാണ് പിണറായി ചെയ്തത്. 2026ൽ നൂറ് സീറ്റിൽ അധികം യുഡിഎഫിന് നേടാനാകും. തൊഴിലാളി വിഭാഗവും മതേതര മനുഷ്യരും എൽഡിഎഫിനെ കൈവിട്ടു. തദ്ദേശ തിരെഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് എവിടേയും മത്സരിച്ചിട്ടില്ല. യുഡിഎഫിനെ പിന്തുണക്കുകയാണ് ചെയ്തത്'- പി വി അൻവർ പറഞ്ഞു.
അതേസമയം, ഇന്നലെ പുറത്തുവന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ എൽഡിഎഫിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. ശബരിമല സ്വർണക്കൊള്ളയടക്കം തിരിച്ചടിയായെന്നും ഭരണവിരുദ്ധ വികാരമുണ്ടായെന്നുമാണ് സിപിഎം വിലയിരുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചു.
സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. തലസ്ഥാന നഗരത്തിൽ എൻ.ഡി.എയ്ക്ക് മേൽക്കൈ നേടാനായതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.
ജനങ്ങളുടെയാകെ പിന്തുണ ആർജ്ജിച്ചു മുന്നോട്ടു പോകാനുള്ള ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുമുന്നണി വരുംനാളുകളിൽ കടക്കും. എൽ.ഡി.എഫിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കും. ഇടതു സർക്കാരിന്റെ വികസന- ജനക്ഷേമ പദ്ധതികൾക്കുള്ള ജന പിന്തുണ വർദ്ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |