
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും മികച്ച വിജയം എൽഡിഎഫ് അർഹിച്ചിരുന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായില്ലെങ്കിലും അവയൊന്നും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പരിശോധിക്കുമെന്നും തിരുത്തേണ്ടത് തിരുത്തുമെന്നും ജനങ്ങളെ ബോധിപ്പിക്കേണ്ട കാര്യങ്ങൾ ബോധിപ്പിക്കുമെന്നും എം സ്വരാജ് പറഞ്ഞു.
'ഏതേതു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങൾ തന്നെയാണ്. ജനവിധി അംഗീകരിക്കുന്നു. എന്നാൽ ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും മുഖ്യപരിഗണനാ വിഷയം ആയില്ലെന്നു കരുതി അതൊന്നും ഉപേക്ഷിക്കാനാകില്ല. പവർകട്ടും ലോഡ് ഷെഡിങ്ങും കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് കാലം തിരികെ വരണമെന്നാണ് ഈ ജനവിധിയെന്ന് വാദിക്കുന്നവരുണ്ട്. പരീക്ഷക്കാലത്തും പാഠപുസ്‌തകമെത്താത്ത യുഡിഎഫ് കാലം തിരിച്ചുവരാനാണ് ജനങ്ങൾ ദാഹിക്കുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഞങ്ങൾ അങ്ങനെ കണക്കാക്കുന്നില്ല. എൽഡിഎഫ് ഭരണത്തിന്റെ ഭാഗമായി നാട്ടിലുണ്ടായ നല്ല മാറ്റങ്ങൾ ജനങ്ങൾ സ്വീകരിച്ചതാണ്. അതൊന്നും തിരുത്തേണ്ടതല്ല. എന്നിട്ടും തദ്ദേശ വിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. ജനങ്ങളിൽ നിന്ന് പഠിക്കും, തിരുത്തേണ്ടത് തിരുത്തും. ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത് ബോദ്ധ്യപ്പെടുത്തും.' എം സ്വരാജ് പറഞ്ഞു.
'ഇതിന് മുൻപ് എൽഡിഎഫ് പരാജയപ്പെട്ടത് 2010ലാണ്. അന്നത്തെ പരാജയം ഇന്നത്തേതിനെക്കാൾ കടുത്തതായിരുന്നു. ആ തിരഞ്ഞെടുപ്പിന്റെ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് പിന്നീട് മഹാവിജയത്തിലേക്ക് നടന്നു കയറിയത്. എൽഡിഎഫ് തിരികെ വരുമെന്നും ജനപക്ഷ രാഷ്‌ട്രീയം ആത്യന്തികമായി വിജയിച്ചേ തീരുവെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |