
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. ഇത്രയും നാളിനിടയ്‌ക്ക് നാട്ടിൽ പ്രതീക്ഷിച്ച വികസനങ്ങൾ ഉണ്ടായിട്ടില്ലെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള വികസനങ്ങൾ ഏത് പാർട്ടിയിലൂടെയാണെങ്കിലും സംഭവിച്ചാൽ മതിയെന്നും ഗോകുൽ സുരേഷ് പറഞ്ഞു.
'പൊളിറ്റിക്‌സിനെപ്പറ്റി വലിയ ധാരണയില്ലാത്ത ആളാണ് ഞാൻ. നല്ല രീതിയിൽ നാട് വികസിച്ചാൽ മതിയായിരുന്നു. എനിക്ക് തന്നെ ഇപ്പോൾ 32 വയസായി. ജനിച്ച കാലം തൊട്ട് ഇതുവരെയും നമ്മൾ പ്രതീക്ഷിച്ച ഡെവലപ്‌മെന്റ്സ് ഉണ്ടായിട്ടില്ല. ചിലതൊക്കെ സംഭവിച്ചിട്ടുണ്ട്. ഈ കാലത്ത് എക്‌സ്‌പെക്‌ട് ചെയ്യുന്ന കാര്യങ്ങൾ സംഭവിച്ചിട്ടില്ല. അതൊക്കെ സംഭവിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അതേത് വഴിയെങ്കിലും ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു. അധികം നമ്മളെ ചൂഷണം ചെയ്യാതെ നല്ലൊരു മാറ്റം വരണം'- ഗോകുൽ സുരേഷ് പറഞ്ഞു.
തിരുവന്തപുരം കോർപ്പറേഷനിൽ 50 സീറ്റുകൾ നേടിയാണ് ബിജെപി കേവലഭൂരിപക്ഷം സ്വന്തമാക്കിയത്. കേരളത്തിലെ ആദ്യത്തെ ബിജെപി മേയർ ആരാകുമെന്ന് അറിയാനാണ് ജനങ്ങൾ കാത്തിരിക്കുന്നത്. അതേസമയം, കോർപ്പറേഷനിലെ ബിജെപിയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി തിരുവന്തപുരത്ത് എത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം നൽകിയതിന് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബി.ജെ.പി- എൻ.ഡി.എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബി.ജെ.പിക്കേ കഴിയൂവെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബി.ജെ.പി പ്രവർത്തിക്കും. ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്ന് ഉറപ്പു നൽകുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |