കോട്ടയം: ന്യൂനപക്ഷ അവകാശ സംരക്ഷണം ഉന്നയിച്ച് ഇടതു സർക്കാരിനെതിരെ 'നസ്രാണി മുന്നേറ്റ ജാഥ' യുമായി ചങ്ങനാശേരി അതിരൂപത . കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ 15ന് ആലപ്പുഴയിലെ മങ്കൊമ്പിൽ നിന്ന് ചങ്ങനാശേരിയിലേക്ക് രാവിലെ 9ന് ആരംഭിക്കുന്ന ലോങ് മാർച്ചിനു ശേഷം വൈകിട്ട് എസ്.ബി കോളേജ് മൈതാനിയിൽ നടക്കുന്ന അവകാശ സംരക്ഷണ സമ്മേളനത്തിൽ വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാർ പങ്കെടുക്കും. ഞായറാഴ്ച ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ നസ്രാണി മുന്നേറ്റ ജാഥ വിജയിപ്പിക്കാൻ മുഴുവൻ വിശ്വാസികളും പങ്കെടുക്കണമെന്ന ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചു ബിഷപ് മാർ തോമസ് തറയിൽ പുറത്തിറക്കിയ സർക്കുലർ വായിച്ചിരുന്നു .
വഖഫ്, വന്യജീവി ആക്രമണം, ബഫർ സോൺ , വിദ്യാഭ്യാസ ,കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, ദളിത് ക്രൈസ്തവ സംവരണം ,സംസ്ഥാന ബഡ്ജറ്റിൽ റബർ, നെല്ല് കർഷകരോടുള്ള അവഗണന, ഭൂ നികുതി അമ്പതു ശതമാനം വർദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങിയവ ക്രൈസ്തവ വിഭാഗത്തെ കൂടതൽ ബാധിക്കുന്ന സാഹചര്യത്തിൽ നടത്തുന്ന റാലിയും പൊതു സമ്മേളനവും സഭയുടെ സമ്മർദ്ദ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. ക്രൈസതവരുടെ പ്രധാന ദിവസങ്ങളെ സർക്കാർ പ്രവൃത്തി ദിനങ്ങളാക്കുന്നു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ,ക്രൈസ്തവരുടെ പ്രശ്‌നങ്ങൾ പഠിച്ച് ക്ഷേമ പദ്ധതികൾ തയ്യാറാക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തത് തുടങ്ങി നിരവധി വിഷയങ്ങൾ അടങ്ങുന്ന സർക്കുലർ കത്തോലിക്കാ പള്ളികളിലെ വികാരിമാർ കുർബാനയ്ക്കിടയിൽ വായി ച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |