തിരുവനന്തപുരം: പി.എസ്.സി ചെയർമാനായി ഡോ. എം.ആർ. ബൈജുവിനെ നിയമിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകി. ഡൽഹിയിലുള്ള ഗവർണർക്ക് ഇന്നലെ ഇ-മെയിലിൽ നൽകിയ ശുപാർശയിൽ അദ്ദേഹം ഓൺലൈനായി ഒപ്പുവച്ചു. ഇന്നു വൈകിട്ട് മൂന്നിന് പി.എസ്.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ എം.ആർ. ബൈജു സ്ഥാനമേൽക്കും. സ്ഥാനമൊഴിയുന്ന ചെയർമാൻ എം.കെ. സക്കീർ സത്യവാചകം ചൊല്ലിക്കൊടുക്കും.
നിലവിൽ പി.എസ്.സി അംഗമായ ഡോ. എം.ആർ.ബൈജു വക്കം സ്വദേശിയാണ്. തിരുവനന്തപുരം സി.ഇ.ടിയിൽ അദ്ധ്യാപകനായിരിക്കെയാണ് 2017ൽ പി.എസ്.സി അംഗമായത്. സി.ഇ.ടിയിൽ നിന്നു ബി.ടെക്കും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് എം.ടെക്കും ഗവേഷണ ബിരുദവും നേടി. ഗവേഷണ തീസിസിന് ഇലക്ട്രോണിക്സ് സയൻസ് ഡിവിഷന്റെ സ്വർണ മെഡൽ ലഭിച്ചിരുന്നു. ഗവേഷണത്തിന് ഐ.ഇ.ടി.ഇയുടെ ബിമൽ ബോസ് അവാർഡും ലഭിച്ചിട്ടുണ്ട്. അമ്പലമുക്കിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |