
തിരുവനന്തപുരം: മുൻ മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വികെ പ്രശാന്ത് സഹോദര തുല്യനാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് മാറിത്തരണമെന്ന് അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ. തന്റെ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. തിരക്കിട്ട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരു അഭ്യർത്ഥനയായാണ് ഇക്കാര്യം സംസാരിച്ചത്. എന്നാൽ അത് പറ്റില്ലെന്നും ഒഴിപ്പിക്കാമെങ്കിൽ ഒഴിപ്പിച്ചോ എന്നാണ് വികെ പ്രശാന്ത് തന്നോട് പറഞ്ഞതെന്നും ശ്രീലേഖ വ്യക്തമാക്കി.
'മുൻ മേയറായിരുന്ന സമയത്ത് എടുത്ത കെട്ടിടമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്റെ ഫോണിൽ റെക്കോഡ് ഇല്ല. അങ്ങനെയൊരു രീതി എനിക്കില്ല. എന്റെ അറിവിൽ പ്രശാന്തിന്റെ ഫോണിൽ കോൾ റെക്കാർഡ് ഉണ്ടെന്നാണ് മനസിലാക്കുന്നത്. നിങ്ങൾക്കത് പരിശോധിച്ച് നോക്കാം. എന്റെ യാചനാ സ്വരവും പ്രശാന്ത് ഇങ്ങോട്ട് സംസാരിച്ച രീതിയും നിങ്ങൾക്ക് നേരിട്ട് കേൾക്കാം.
എന്റെ അറിവിൽ ഓഫീസുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു കരാർ ഉണ്ടെന്ന് തോന്നുന്നില്ല. കോർപ്പറേഷന്റെ കെട്ടിടമായതുകൊണ്ട് വാടക നൽകുന്നുണ്ട്. കഴിഞ്ഞ കോർപ്പറേഷൻ ഭരണാധികാരികൾ ഇദ്ദേഹത്തിന് ഒരു സഹായം ചെയ്തുകൊടുത്തെന്നാണ് ഞാൻ മനസിലാക്കുന്നത്. എനിക്ക് കൗൺസിലറായി പ്രവർത്തിക്കാൻ ഒരു ഓഫീസ് ആവശ്യമുണ്ടല്ലോ? ഇപ്പോൾ അങ്ങനെ ഒരു സകൗര്യമില്ല. എന്നെ കാണാൻ വരുകയാണെങ്കിൽ അവർക്ക് ഇരിക്കാൻ പോലും സ്ഥലമില്ല. ഈ അവസരത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ മാദ്ധ്യമങ്ങൾ തീരുമാനിക്കൂ?- ശ്രീലേഖ പറഞ്ഞു.
ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. ആർ ശ്രീലേഖ ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരിക്കില്ലെന്നും മര്യാദയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്നും വി കെ പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം പിടിച്ച് അധികാരത്തിലേറിയതിന് പിന്നാലെയാണ് ഈ ആവശ്യം. ഫോണിൽ വിളിച്ച ശ്രീലേഖ പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്ന് ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |