
തിരുവനന്തപുരം: ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതിനെ വിമർശിച്ച് വി കെ പ്രശാന്ത് എംഎൽഎ. ആർ ശ്രീലേഖ ഒറ്റയ്ക്കെടുത്ത തീരുമാനമായിരിക്കില്ലെന്നും മര്യാദയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്നും വി കെ പ്രശാന്ത് പറഞ്ഞു. ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
'ഇന്നലെ രാവിലെയാണ് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. കൗൺസിലറുടെ ഓഫീസിന് സൗകര്യ കുറവുണ്ട്. അതുകൊണ്ട് എംഎൽഎയുടെ ഓഫീസ് കൂടി എടുക്കണമെന്നാണ് അറിയിച്ചത്. കഴിഞ്ഞ ഏഴ് വർഷമായി അവിടെ ഓഫീസ് പ്രവർത്തിക്കുകയാണ്. നേരത്തെയും ആ കെട്ടിടത്തിൽ ബിജെപി കൗൺസിലറുടെ ഓഫീസ് പ്രവർത്തിച്ചതാണ്. ഇത് നിർദ്ദേശിക്കാൻ ഒരുപാട് നിയമവശങ്ങളുണ്ട്. എന്നാലിവിടെ കൗൺസിലർ വിളിച്ച് എംഎൽഎയോട് ഒഴിയാൻ ആവശ്യപ്പെടുകയാണ്. ഇത് എവിടെയുള്ള ന്യായമാണ്. ശരിയായ രീതിയല്ല.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പോലുള്ള മാതൃകയാണ് നടത്തുന്നത്. വാടക കൊടുത്തിട്ടാണ് പ്രവർത്തിക്കുന്നത്. അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പരിശോധിക്കാം. കൗൺസിലറുടെ ഓഫീസിൽ സൗകര്യം കുറവാണ്. അതുകൊണ്ട് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്നാണ് ശ്രീലേഖ പറയുന്നത്. മാർച്ച് 31 വരെ അവിടെ വാടകയ്ക്ക് തുടരാൻ നിയമമുണ്ട്. ശ്രീലേഖ ഒറ്റയ്ക്കായിരിക്കില്ല ഈ തീരുമാനമെടുത്തത്. അതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. മര്യാദയില്ലാത്ത നടപടിയാണ്'- വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം പിടിച്ച് അധികാരത്തിലേറിയതിന് പിന്നാലെയാണ് ഈ ആവശ്യം. ഫോണിൽ വിളിച്ച ശ്രീലേഖ പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. എന്നാൽ നിയമസഭ കാലാവധി കഴിയുംവരെ തുടരാൻ പത്ത് മാസം മുമ്പ് തന്നെ കോർപറേഷന് കത്ത് നൽകിയതായി പ്രശാന്ത് മറുപടി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |