തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പദവി ഒഴിയണോയെന്ന് കോൺഗ്രസ് തീരുമാനിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഹുലിനെതിരെ കേവലം ആരോപണം മാത്രമല്ല. വിവിധ മേഖലകളിൽ നിന്ന് രാജിയാവശ്യം ഉയരുന്നുണ്ട്.
ഒന്നരവർഷം മുൻപ് യുവതി പ്രതിപക്ഷ നേതാവിനോട് വിവരം പറഞ്ഞിട്ടും ശരിയായ നിലപാടെടുത്തില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളോട് കോൺഗ്രസ് കാട്ടുന്ന സമീപനത്തിന്റെ സാമ്പിളാണിത്.
30 ദിവസം ജയിലിലായാൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്ന ഭരണഘടനാ ഭേദഗതി രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ ജയിലിലടച്ച് ഇല്ലാതാക്കാനുള്ള ബോധപൂർവ ശ്രമമാണ്. ബി.ജെ.പിക്കെതിരേ നിലപാടെടുക്കുന്ന മാദ്ധ്യമപ്രവർത്തകരെ രാജ്യദ്രോഹക്കേസെടുത്ത് ഇല്ലാതാക്കുന്നു. വി.സി നിയമനക്കേസിലെ സുപ്രീംകോടതി ഉത്തരവ് ഗവർണർമാരെ ഉപയോഗിച്ച് കാവിവത്കരണം നടപ്പാക്കാനുള്ള കേന്ദ്രനിലപാടിനേറ്റ തിരിച്ചടിയാണ്. കേരളത്തിലും വോട്ടർപട്ടിക കുറ്റമറ്റതാക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.
വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്: കെ.കെ.ശൈലജ
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തൽ പൊതുസമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കെ.കെ.ശൈലജ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. ഗർഭഛിദ്രത്തിനുൾപ്പെടെ നിർബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സ്ത്രീകൾക്കും പൊതുസമൂഹത്തിനും വെല്ലുവിളിയാകുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാൾ. പരാതികൾ അവഗണിച്ച കോൺഗ്രസ് നേതൃത്വം മറുപടി പറയാൻ ബാദ്ധ്യസ്ഥരാണ്. വടകര തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ ഐ.ഡികൾ ഉപയോഗിച്ച് സ്ത്രീകളെ അധിക്ഷേപിക്കുന്ന സംഘം രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ ഉണ്ടായിരുന്നു. രാഹുൽ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്കാകെ നാണക്കേടെന്നും ശൈലജ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |