
തിരുവനന്തപുരം: ഡിസ്കസ് പറന്നുയർന്നു. അതിലും വേഗത്തിലാണ് മോഹന്റെ നെഞ്ചിടിപ്പ്. സോനയുടെ ഏറ് ലാൻഡ് ചെയ്തു. പിറന്നത് പുത്തൻ മീറ്റ് റെക്കാഡ്. പ്രാരാബ്ധങ്ങൾ മാറ്റിവച്ച് മകളെ പൊന്നണിയിക്കാൻ നെട്ടോട്ടമോടുന്ന പിതാവിന് ഇതിലും വലിയ സമ്മാനം മറ്റെന്തു നൽകാൻ...
സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിലാണ് 38.64 മീറ്റർ എറിഞ്ഞ് കാസർകോട്ടുകാരി സോന സൂപ്പർതാരമായത്. കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. 7 വർഷം മുമ്പ് തൃശൂരിന്റെ അതുല്യ സ്ഥാപിച്ച 37.73 മീറ്ററിന്റെ റെക്കാഡാണ് തിരുത്തിയത്.
ഓട്ടോ ഡ്രൈവറാണ് മോഹൻ. പരിശീലനത്തിന് മകളെയും കൊണ്ട് ദിനവും രണ്ടുനേരം
ഓട്ടോ ഓടിക്കുന്നത് 28 കിലോമീറ്റർ. കാരിയിലെ വീട്ടിൽ നിന്ന് ചെറുവത്തൂരുള്ള കെ.സി ത്രോസ് അക്കാഡമിയിലേക്ക് രാവിലെയും വൈകിട്ടും. പരിശീലനം കഴിയുവോളം കാത്തുനിന്ന് മകളുമൊത്ത് മടങ്ങും. മാസങ്ങളായി തുടരുന്നു.
പരിശീലനവേളയിൽ സോന 40.80 മീറ്റർ എറിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ ഈയിനത്തിൽ വെള്ളി നേടിയിരുന്നു. ഇത്തവണ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിലും സോന സ്വർണം നേടി. റഗ്ബിയിൽ സംസ്ഥാനതലത്തിൽ കളിച്ചിട്ടുണ്ട്. ഡിസ്കസിലെ കഴിവ് തിരിച്ചറിഞ്ഞതോടെ ചുവടുമാറ്റി. രണ്ടാം ക്ലാസുകാരി നിഹാരയാണ് സഹോദരി.
സ്പോൺസറെത്തേടി
സ്വന്തമായി വീടില്ല. സോനയുടെ അമ്മ സൗമ്യയുടെ കുടുംബവീട്ടിലാണ് താമസം. വീടുപണിയാൻ സ്വരുക്കൂട്ടിയ മൂന്ന് ലക്ഷം രൂപ മകളുടെ പരിശീലനത്തിനും മറ്റുമായി ചെലവാക്കി. പരിശീലനത്തിന് ദിനവും മകളെ കൊണ്ടുപോകുന്നതിനാൽ മോഹന് സ്റ്റാൻഡിലെ ഓട്ടം മുടങ്ങുന്നു. കടം വാങ്ങിയാണ് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. സോനയുടെ സ്പോർട്സ് കരിയർ കൂടുതൽ ഉയരങ്ങളിലെത്തിക്കണം ഈ പിതാവിന്. സുമനസുകളുടെ കനിവുണ്ടായാലേ അതു നടക്കൂ.
സോന ടെക്നിക്കലി പെർഫെക്ടാണ്. മികച്ച പരിശീലനം തുടർന്നാൽ ഏഷ്യൻ മെഡൽവരെ നേടാൻ കഴിവുള്ള മിടുക്കി
കെ.സി. ഗിരീഷ്,
പരിശീലകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |