തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോടതിയെ സമീപിക്കാനുള്ള മുൻ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. തത്കാലം രാജ്ഭവനെ എതിർപ്പറിയിക്കും. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇതിനായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കത്തിലൂടെയാകും ഇക്കാര്യം മുഖ്യമന്ത്രി രാജ്ഭവനെ അറിയിക്കുക.
സർക്കാർ പരിപാടികളിൽ ഔദ്യോഗിക ചിഹ്നത്തിനു പുറത്തുള്ളവ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. അങ്ങനെയെങ്കിൽ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്ന അഭിപ്രായം സി.പി.ഐ മന്ത്രിമാർ ഉന്നയിച്ചെങ്കിലും തത്കാലം എതിർപ്പ് അറിയിക്കുകയാണ് ഉചിതമെന്നാണ് മന്ത്രിസഭാ തീരുമാനം.
മന്ത്രിസഭ തീരുമാനമെടുത്ത് ഉത്തരവിറക്കണമെന്ന് ചില മുതിർന്ന ഉദ്യോഗസ്ഥർ സർക്കാരിന് നോട്ട് നൽകിയെങ്കിലും അതും മന്ത്രിസഭ പരിഗണിച്ചില്ല. ഗവർണറെ അനാവശ്യമായി പ്രകോപിപ്പിക്കുന്നതിനോട് സർക്കാരിന് താത്പര്യമില്ലെന്നാണ് സൂചന. വിഷയം അമിതമായി രാഷ്ട്രീയവത്കരിക്കാതെ പക്വതയോടെ കൈകാര്യം ചെയ്യണമെന്നാണ് സർക്കാരിന്റെ പൊതുവായ നിലപാട്.
നിരസിച്ചാൽ
തുടർ നടപടി
ഭാരതാംബ ചിത്രം സംസ്ഥാനം നിർബന്ധമായും പാലിക്കേണ്ട ഭരണഘടന പ്രതീകമല്ലെന്ന നിലപാടാണ് സർക്കാരിന്. ഒരിടത്തും അത് സൂചിപ്പിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ ഭരണഘടനാനുസൃതവും സംസ്ഥാന സർക്കാർ പാലിക്കപ്പെടേണ്ട നിർദ്ദേശങ്ങളിലോ കീഴ്വഴക്കങ്ങളിലോ ഉൾപ്പെടാത്ത കാര്യങ്ങളിൽ ഗവർണർ നിർബന്ധം പിടിക്കരുതെന്നായിരിക്കും അറിയിക്കുക. ഗവർണർ ഇത് നിരസിച്ചാൽ മറ്റ് നടപടികൾ ആലോചിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |