
തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിയെ കടന്നാക്രമിച്ച് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ ശരിയല്ലെന്ന് തനിക്ക് പണ്ടേ അറിയാമെന്നും താൻ അവരെ ശപിച്ചിട്ടുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇൻഡിഗോയുമായുള്ള തന്റെ പ്രശ്നം കഴിഞ്ഞിട്ടില്ലെന്നും , വിമാനക്കമ്പനി തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇൻഡിഗോയെ താൻ പ്രാകിയിട്ടുണ്ട് എന്നത് സത്യമാണെങ്കിലും, ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം തന്റെ 'പ്രാക്ക്' ആണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇൻഡിഗോ, നിങ്ങൾ നന്നാവൂ,' എന്ന് ഉപദേശിച്ച മറ്റ് വഴികളില്ലാത്തതായപ്പോൾ ഇൻഡിഗോയെ വീണ്ടും ആശ്രയിച്ചതിനെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാന ടിക്കറ്റ് ഇനത്തിൽ ഇൻഡിഗോ വൻ കൊയ്ത്താണ് നടത്തുന്നത്. എന്നാൽ, കേന്ദ്രസർക്കാർ ഇതിൽ വേണ്ടവിധം ഇടപെടുന്നില്ലെന്നും ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി.
വിമാനത്തിൽ വച്ച് മറ്റ് യാത്രക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിന്റെ പേരിലാണ് നേരത്തെ ഇൻഡിഗോ ഇപിയെ വിലക്കിയിരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചപ്പോൾ ഉണ്ടായ ബലപ്രയോഗത്തിലായിരുന്നു ഇൻഡിഗോയുടെ നടപടി. ഈ സംഭവത്തിന് പിന്നാലെ, ജീവിതത്തിലൊരിക്കലും ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് ഇപി ജയരാജൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഒരു ഘട്ടത്തിൽ വിമാനയാത്ര ബഹിഷ്‌കരിച്ച് ട്രെയിനിൽ പോകാൻ തിരുവനന്തപുരത്തെത്തിയപ്പോൾ ഇൻഡിഗോ ഭാവിയിൽ തകർന്നുപോയേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |