തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചരി വിലയുടെ കുതിപ്പ് പൊങ്കൽ കഴിയുമ്പോഴേക്കും അവസാനിച്ചേക്കും. തമിഴ്നാട്ടിലെ പൊങ്കലിന് തൊട്ടുമുമ്പ് നടന്ന വിളവെടുപ്പിലെ നെല്ല് പൊങ്കലിനു ശേഷം അരിയായി വിപണിയിലെത്തും. ഏറെയും പച്ചരിയാണ് ഈ സമയത്ത് വിപണിയിലെത്തുന്നത്. ലഭ്യത കൂടുമ്പോൾ വിലയിറങ്ങും.
നവംബർ അവസാനം വരെ കിലോഗ്രാമിന് 30 മുതൽ 32 രൂപയ്ക്കു വരെ ലഭിച്ചിരുന്ന പച്ചരിയുടെ പൊതുവിപണി വില ഡിസംബർ അവസാനമായപ്പോഴേക്കും ചില്ലറ വിപണിയിൽ 50 മുതൽ 56 വരെയായി. പിന്നെ വിലയിറക്കമുണ്ടായിട്ടില്ല. തമിഴ്നാട്,ആന്ധ്രപ്രദേശ്, തെലങ്കാന,കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പച്ചരി പ്രധാനമായും കേരളത്തിലെത്തുന്നത്. എന്നാൽ വില കുറഞ്ഞ ഇനം പച്ചരിയുടെ കയറ്റുമതിയിൽ വലിയ തോതിൽ വർദ്ധനവ് വന്നതോടെയാണ് വില കൂടിയത്. പച്ചരിയുടെ ലഭ്യതക്കുറവ് സപ്ലൈകോയേയും ബാധിച്ചു. നോൺ സബ്സിഡി പച്ചരിയുടെ വില 33ൽ നിന്ന് 44 ആയി.
എഫ്.എസി.ഐ ഗോഡൗണുകളിൽ പച്ചരിയുടെ സ്റ്റോക്ക് കുറഞ്ഞതോടെ റേഷൻ കടകളിലും പച്ചരി കിട്ടാനില്ല. എന്നാൽ ഈ ആഴ്ച റേഷൻ കടകളിൽ വിതരണത്തിന് പച്ചരി എത്തിയിട്ടുണ്ട്. സബ്സിഡി കാർഡ് ഉടമകൾക്ക് ഒരു കിലോ വീതമാണ് ലഭിക്കുന്നത്.
എഫ്.സി.ഐ വിഹിതം കുറഞ്ഞതാണ് സംസ്ഥാനത്ത് പച്ചരി ലഭ്യതയിൽ കുറവുണ്ടായതിന് കാരണം. ഓണത്തിന് സി.എം.ആർ വിഹിതമായി കൂടുതൽ ലഭിച്ചത് മട്ടഅരിയാണ്. ഇനി ലഭിക്കുന്ന വിഹിതത്തിൽ മട്ടഅരിക്കു പകരം പച്ചരി ലഭിക്കും.
-ജി.ആർ. അനിൽ
ഭക്ഷ്യ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |