അങ്കോള: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ വൈകിട്ട് നാല് മണിയോടെ ഷിരൂരിൽ ദുരന്തസ്ഥലത്തെത്തി. ഇവിടെ ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഗംഗാവലി തീരത്തേക്ക് തിരിച്ചത്. അർജുനെ കണ്ടെത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് റിയാസ് പറഞ്ഞു. കുത്തൊഴുക്കാണ് നേവിക്ക് പ്രധാന പ്രതിസന്ധി. അർജുനെയും രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരും.
അതേ സമയം നാവികസേനയുടെ സ്കൂബാ ഡൈവേഴ്സ് ഡിങ്കി ബോട്ടിൽ മൺതിട്ടയ്ക്ക് അരികിൽ എത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം വെള്ളത്തിൽ മുങ്ങി തെരയാനായില്ല. മൺതിട്ടയ്ക്ക് ചുറ്റും തെർമ്മൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തി. ട്രക്കിൽ ഇതുവരെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. കരയിലും ഹിറ്റാച്ചികൾ ഉപയോഗിച്ച് ഇന്നലെ മണ്ണ് നീക്കി പരിശോധിച്ചു.
പത്ത് ദിവസമായി അടഞ്ഞുകിടന്നിരുന്ന കന്യാകുമാരി -പനവേൽ ദേശീയപാതയുടെ ഷിരൂർ ഭാഗം തുറന്നുകൊടുക്കാനുള്ള നീക്കം ഇന്നലെ കൂടുതൽ ഊർജ്ജിതമാക്കി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ വാഹനങ്ങൾ ഷിരൂർ ദേശീയപാതയിൽ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്നുണ്ട്.
ഷിരൂരിൽ ലക്ഷ്യം കാണാൻ
കൂട്ടായ ശ്രമം: മന്ത്രി റിയാസ്
അങ്കോള: ഷിരൂരിലെ കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും അതൊന്നും തെരച്ചിലിനെ ബാധിക്കാൻ പാടില്ലെന്ന് കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്ത സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ മോശമായാൽ പരിശോധനയ്ക്ക് പുതിയ രീതികൾ അവലംബിക്കും.
എല്ലാം മറന്ന് തെരച്ചിൽ നടത്താൻ കഠിനാദ്ധ്വാനം ചെയ്തവരോട് കേരളം കടപ്പെട്ടിരിക്കുന്നു. നാട്ടിൽ നിന്ന് വന്നവർ, രക്ഷാദൗത്യവുമായി ഓടിയെത്തിയവർ, സന്നദ്ധ പ്രവർത്തകർ, കര, നാവികസേനകളുടെയും എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.എഫിന്റെയും അംഗങ്ങൾ തുടങ്ങി എല്ലാവരെയും റിയാസ് അഭിനന്ദിച്ചു.
പുതിയ ലൊക്കേഷൻ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുമെന്ന് മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന കളക്ടർ ലക്ഷ്മി പ്രിയയും എം.എൽ.എ സതീഷ് സെയിലും അറിയിച്ചു.
എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ സച്ചിൻ ദേവ്, ലിന്റോ ജോസഫ്, എ.കെ.എം. അഷറഫ് എന്നിവരും ദൗത്യ സംഘത്തിലെ ഉന്നതരും റിയാസിനൊപ്പം ഉണ്ടായിരുന്നു.
ആഗസ്റ്റ് ഒന്നിന് ഇ -സ്റ്റാമ്പിംഗ്
തുടങ്ങും: മന്ത്രി കടന്നപ്പള്ളി
തിരുവനന്തപുരം: ആധാരം രജിസ്ട്രേഷനുള്ള ഇ-സ്റ്റാമ്പിംഗ് സംവിധാനം ആഗസ്റ്റ്ഒന്നു മുതൽ നടപ്പാക്കിതുടങ്ങുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.തിരഞ്ഞെടുക്കപ്പെട്ട സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പ്രാബല്യത്തിലാവുന്നത്.
സബ് രജിസ്ട്രാർ ഓഫീസുകളിൽ എത്ര ചെറിയ തുകയും ഇ-പോസ് സംവിധാനത്തിലൂടെ അടയ്ക്കാനും വിരലടയാളം പതിക്കാനുള്ള ബയോമെട്രിക് സംവിധാനം നടപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന വകുപ്പുതല അവലോകന യോഗത്തിലാണ് തീരുമാനമായത്.
100 ദിന പരിപാടികളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കും. നിർമ്മാണം പൂർത്തിയാക്കിയ ചിറയിൻകീഴ്, വർക്കല, മലയിൻകീഴ്, മാള,പുളിങ്കുന്ന്, ഉുദമ സബ് രജിസ്ട്രാർ ഓഫീസുകളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നിർവഹിക്കും.
കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും അതിലേക്ക് മാറാത്തവ അടിയന്തരമായി മാറ്റാൻ മന്ത്രി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |