കോഴിക്കോട്: പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്‌പി കെ ഇ ബെെജു. ഷാഫി പറമ്പിൽ എം പിക്കെതിരായ പൊലീസ് മർദനത്തിലാണ് എസ്‌പിയുടെ പ്രതികരണം. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്നും എസ്‌പി വ്യക്തമാക്കി. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് നടപടിയിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ട് ഡിവെെഎസ്‌പിമാർക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോൺഗ്രസ് നേതൃത്വം പരാതി നൽകിയിരിക്കുന്നത്. നടപടിയുണ്ടായില്ലെങ്കിൽ റൂറൽ എസ്‌പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.
അതേസമയം, ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. പല സംഘർഷങ്ങളും ഏറ്റുമുട്ടലിലാണ് കലാശിച്ചത്. തൃശൂരിൽ മുഖ്യമന്ത്രിയെ വഴി തടയുന്നതിൽ വരെ കാര്യങ്ങളെത്തി. ശബരിമല വിഷയത്തിൽ പ്രക്ഷോഭം തെരുവിലേക്ക് വ്യാപിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് മൂർച്ചയേറിയ മറ്റൊരു ആയുധം കൂടി വീണുകിട്ടിയിരിക്കുന്നത്.
സിപിഎം ക്രിമിനലുകളും അവർക്ക് ഒത്താശ ചെയ്യുന്ന കേരള പൊലീസിലെ ഗുണ്ടകളും ചേർന്നാണ് ഷാഫി പറമ്പിലിനെ ക്രൂരമായി മർദിച്ചതെന്നാണ് വിഡി സതീശൻ പ്രതികരിച്ചത്. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തന്നെ ഷാഫിയേയും പരിക്കേറ്റ മറ്റുള്ളവരേയും സൈബറിടങ്ങളിലും അല്ലാതെയും കേട്ടാലറക്കുന്ന ഭാഷയിൽ അധിക്ഷേപിക്കുകയാണെന്നും ഇതൊന്നും കൊണ്ട് പോരാട്ട വീര്യത്തെ തകർക്കാനാകില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |