
തിരുവനന്തപുരം: ലെെംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കർണാടക - തമിഴ്നാട് അതിർത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പൊലീസ് പറയുന്നു. രക്ഷപ്പെടാൻ ഇവർ ഉപയോഗിച്ച ഫോർച്യൂണർ കാറും പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടച്ചു.
കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിലാണ്. രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണസംഘത്തെ ക്രൈംബ്രാഞ്ച് നിയോഗിച്ചിട്ടുണ്ട്. ആദ്യ സംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ആദ്യപരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ രാഹുൽ ഒളിവിൽ പോകുകയായിരുന്നു. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയാണെന്നാണ് ആദ്യം ലഭിച്ച വിവരം.
കഴിഞ്ഞ 11 ദിവസമായി അതിവിദഗ്ധമായാണ് രാഹുൽ പൊലീസിന്റെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടത്. പ്രമുഖരടക്കമുള്ളവർ രാഹുലിനെ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച യുവതി പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ എത്തിയ ഉടൻ രാഹുൽ പാലക്കാട് നിന്ന് മുങ്ങിയിരുന്നു. സിസിടിവി ക്യാമറകളുള്ള റോഡുകൾ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര.
സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക്. അവിടെ നിന്ന് തമിഴ്നാട് - കർണാടക അതിർത്തിയിലേക്ക്. ബാഗല്ലൂരിലെ റിസോർട്ടിൽ ഞായറാഴ്ച മുതൽ ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ബാഗല്ലൂരിലെ ഒരു വീട്ടിലേക്കും മാറിയിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |