
തൃശൂർ: ഇന്നത്തെ സൂപ്പർ ലീഗ് സെമി ഫൈനൽ മത്സരങ്ങൾ മാറ്റി വച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് മത്സരം മാറ്റിവയ്ക്കാൻ കാരണം. തൃശൂർ മാജിക് എഫ്.സി- മലപ്പുറം എഫ്.സി, കണ്ണൂർ വാരിയേഴ്സ്- കാലിക്കറ്റ് എഫ്.സി , എന്നീ മത്സരങ്ങളാണ് മാറ്റിവച്ചത്. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിൽ ഇന്ന് രാത്രി 7:30ന് നടക്കാനിരുന്ന മത്സരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് മാറ്റിയിരിക്കുന്നത്. ഡിസംബർ പത്തിന് നടക്കേണ്ടിയിരുന്ന കണ്ണൂർ -കാലിക്കറ്റ് മത്സരവും ഇതേ കാരണത്താലാണ് മാറ്റിവച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മറ്റൊരു ദിവസത്തേക്ക് മത്സരം നടത്താൻ സിറ്റി പൊലീസ് കമ്മീഷണർ കത്തിലൂടെ ടീമിന്റെ സംഘാടകരെ വിവരം ആവശ്യപ്പെടുകയായിരുന്നു. സംഘാടകരായ സൂപ്പർ ലീഗ് കേരള, തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ് സി ടീമുകൾക്ക് പൊലീസ് കത്തു നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കൂടാതെ ശബരിമല സീസണും കൂടി ആയതിനാൽ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടുന്നതിന്റെ ബുദ്ധിമുട്ട് ചൂണ്ടികാണിച്ചായിരുന്നു പൊലീസിന്റെ അറിയിപ്പ്. ഇതിനെ തുടർന്നാണ് മത്സരം മാറ്റിവയ്ക്കാമെന്ന തീരുമാനത്തിലെത്തുന്നത്. അറിയിപ്പ് നിഷേധിച്ച് മത്സരം നടത്തിയാൽ കടുത്ത നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |