
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം ഡൽഹിയിലെ ഉന്നതരിലേക്ക് നീളുന്നു. ഭരണതലത്തിൽ മുമ്പ് വൻ സ്വാധീനമുണ്ടായിരുന്ന, ദേശീയ രാഷ്ട്രീയത്തിലെ ഉന്നതനേതാവിന്റെ രണ്ട് ഉറ്റ ബന്ധുക്കളിലേക്കാണ് അന്വേഷണം. ഇവർക്ക് അന്താരാഷ്ട്ര പുരാവസ്തു ബിസിനസുണ്ട്. ദക്ഷിണ യൂറോപ്യൻ രാജ്യത്തുള്ള ബന്ധുവിന് അവിടെ പലയിടത്തായി പുരാവസ്തു വ്യാപാരമുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് വൻ റിയൽഎസ്റ്റേറ്റ് ഇടപാട് നടത്തുന്ന കുടുംബാംഗത്തിന് പുരാവസ്തു, കരകൗശല ബിസിനസുണ്ടായിരുന്നു.
മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ബെല്ലാരിയിലെ ജൂവലറിയുടമ ഗോവർദ്ധനും ഇവരുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണം. ഇത് സി.ബി.ഐ വരുന്നതിന് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.
പുരാവസ്തുക്കൾ കടത്തിയെന്ന പരാതിയിൽ 2003ൽ ഇതിലൊരാൾ സി.ബി.ഐ അന്വേഷണം നേരിട്ടതാണ്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളടക്കം വിദേശത്തെ പുരാവസ്തു വ്യാപാരശാലയിലുണ്ടെന്ന പൊതുതാത്പര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു അന്വേഷണം. ഇന്റർപോൾ സഹായത്തോടെ തുടങ്ങിയ അന്വേഷണം പിന്നീട് രാഷ്ട്രീയ-ഭരണ സ്വാധീനമുപയോഗിച്ച് ഒതുക്കപ്പെട്ടു. യൂറോപ്യൻ നഗരത്തിൽ 'ഗണപതി' എന്നപേരിൽ ഇവർക്ക് പുരാവസ്തു വ്യാപാരശാലയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആന്ധ്ര, ഒഡീഷ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ ക്ഷേത്ര വിഗ്രഹങ്ങളും മുഗൾകാലത്തെ പെയിന്റിംഗുകളും കടത്തിയെന്നായിരുന്നു ആക്ഷേപം.
അയ്യപ്പസ്വാമിയുടെ പ്രഭാമണ്ഡലവും ശ്രീകോവിലിലെ അമൂല്യമായ ചെറുവിഗ്രഹങ്ങളുമടക്കം കടത്തിയതിൽ ഇവരുടെ പങ്ക് സംശയിക്കുന്നു. ഒന്നേകാൽ നൂറ്റാണ്ടുമുൻപ് ക്ഷേത്രം പുനർനിർമ്മിച്ചപ്പോൾ സ്ഥാപിച്ചവയാണ് തങ്കം പൊതിഞ്ഞ പ്രഭാമണ്ഡലവും ചെറുവിഗ്രഹങ്ങളും. നൂറുകിലോയോളം വരുന്ന പാളികളിലാണ് ശിവ,വ്യാളീ രൂപങ്ങളടങ്ങിയ പ്രഭാമണ്ഡലം. ഇതിലെ 7 പാളികളും കട്ടിളയിലെ ദശാവതാരം, രാശിചിഹ്നം അടക്കം ആലേഖനം ചെയ്ത 5 പാളികളും കടത്തിയത് അന്താരാഷ്ട്ര പുരാവസ്തു മാർക്കറ്റിലെ കോടാനുകോടി മൂല്യത്തിൽ കണ്ണുവച്ചാണെന്നാണ് എസ്.ഐ.ടിയുടെ നിഗമനം.
ഒറിജിനൽ പാളികൾ കടത്തിയശേഷം, ചെമ്പിൽ അതിന്റെ പതിപ്പുണ്ടാക്കി തിരികെ വച്ചതാണെന്നും സംശയിക്കുന്നു. ഇപ്പോഴുള്ള പാളികൾ ഒറിജിനലാണോയെന്ന് ഹൈക്കോടതിയും സംശയമുന്നയിച്ചിരുന്നു. വി.എസ്.എസ്.സി ലാബിലെ ശാസ്ത്രീയപരിശോധനയിൽ ഇക്കാര്യം തെളിയും. അയ്യപ്പന്റെ പ്രഭാമണ്ഡലത്തിലെ സ്വർണം കവർന്നതും അറ്റകുറ്റപ്പണി ചെയ്ത് മിനുക്കാനെന്ന പേരിൽ ശ്രീകോവിലിലെ താഴികക്കുടങ്ങൾ ഇളക്കി പമ്പവരെ കൊണ്ടുപോയതും 'കേരളകൗമുദി'യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
കടത്തിയതിന് തെളിവായി
ഉറയ്ക്കാത്ത പാളികൾ
1 സ്വർണംപൂശാൻ കൊണ്ടുപോയ പാളികൾ തിരിച്ചെത്തിച്ചപ്പോൾ പീഠത്തിലുറപ്പിക്കാനായിരുന്നില്ല. തിരിച്ചെത്തിച്ചത് പുതിയ പാളികളാണെന്ന് ഇതോടെ തെളിഞ്ഞു
2 എലി കയറുന്നെന്ന് പറഞ്ഞ് ശ്രീകോവിലിലെ സ്വർണം പൊതിഞ്ഞ വാതിലും മാറ്റിയിരുന്നു. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിലാണ് പുതിയ വാതിലെത്തിച്ചത്
3 കടത്തിയ സ്വർണപ്പാളികൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. 584.203 ഗ്രാം സ്വർണം രണ്ടിടങ്ങളിൽനിന്ന് പിടിച്ചെടുത്തിരുന്നെങ്കിലും ഇത് കൊള്ളയടിച്ച സ്വർണമല്ല
4 സ്വർണപ്പാളി 500 കോടിക്ക് വിദേശത്തേക്ക് കടത്തിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. അറബ് രാജ്യത്തെ സുൽത്താന്റെ പക്കലെത്തിയെന്നും വിവരമുണ്ട്
ദേവസ്വം മുതലുകൾ സംരക്ഷിക്കാൻ ചുമതലപ്പെട്ടവരാണ് പ്രഭാമണ്ഡലത്തിലെയടക്കം സ്വർണം അപഹരിച്ച് കൊള്ളയ്ക്കു കൂട്ടുനിന്നത്
-എസ്.ഐ.ടി കോടതിയെ അറിയിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |