
അങ്കമാലി: സുന്ദരമായ കേരളത്തെ ഇരുമുന്നണികളും മാറിമാറി ഭരിച്ച് നശിപ്പിച്ചെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ പറഞ്ഞു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയിൽ മുങ്ങിയ ഭരണമാണ് രണ്ട് മുന്നണികളും നടത്തിയത്. പ്രീണനമായിരുന്നു അവരുടെ രാഷ്ട്രീയം. ഇക്കാര്യങ്ങൾ തുറന്നുകാട്ടിയാൽ ജനങ്ങൾ ഇരുകൈയുംനീട്ടി ബി.ജെ.പിയെ സ്വീകരിക്കും. രാമായണ പാരായണത്തിനുപോലും തടസം നിന്നവരാണ് യു.ഡി.എഫുകാർ. ക്ഷേത്രങ്ങളോടും അവർക്ക് ശത്രുതാമനോഭാവമാണ്. ഭഗവാൻ അയ്യപ്പനെപ്പോലും വെറുതെ വിടാൻ ഇടതുപക്ഷം തയ്യാറായിട്ടില്ല.
ശബരിമലയെ തകർക്കാൻ ശ്രമിച്ച രണ്ട് മുന്നണികളോടും കേരളജനത ക്ഷമിക്കില്ല. അയോദ്ധ്യയിലെ രാമക്ഷേത്രമടക്കം നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും എന്താണ് ചെയ്തതെന്ന് നാം കണ്ടതാണ്. പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനമാണ് കേരളം . ലക്ഷക്കണക്കിന് മലയാളി യുവാക്കൾ വിദ്യയും തൊഴിലുംതേടി നാടുവിട്ടു.
കേരളത്തിലെ ബി.ജെ.പി പ്രവർത്തകരുടെ ആത്മാർത്ഥതയേയും അർപ്പണ മനോഭാവത്തേയും നമിക്കുന്നു. രാഷ്ട്രീയ പ്രവർത്തനം നൂറുമീറ്റർ ഓട്ടമല്ല, മാരത്തൺ ആണ്. വരുന്നത് കേരളത്തിൽ മാറ്റംകൊണ്ടുവരുന്ന തിരഞ്ഞെടുപ്പാണ്. കേരളത്തിലും ബി.ജെ.പി അധികാരത്തിൽവരുന്നകാലം വിദൂരമല്ലെന്നും നിതിൻ നവീൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവഡെ, തിരഞ്ഞെടുപ്പ് സഹപ്രഭാരി ശോഭ കരന്തലജെ, കേരളാ പ്രഭാരി പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |