
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജുകളിൽ രോഗികളെ ദുരിതത്തിലാക്കിയ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ഇന്നു മുതൽ ഡോക്ടർമാർ പഴയതുപോലെ ഒ.പിയിലും ഓപ്പറേഷൻ തീയേറ്രറുകളിലും ക്ലാസുകളിലുമെത്തും.
ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്. 18 മാസത്തെ ശമ്പള പരിഷ്കരണ കുടിശിക ഉടൻ അനുവദിക്കാൻ നടപടി സ്വീകരിക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകി. 18 മാസത്തെ കുടിശ്ശിക ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഒരാഴ്ചക്കുള്ളിൽ ഉത്തരവിറങ്ങിയില്ലെങ്കിൽ സമരം ശക്തമായി പുനഃരാരംഭിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്നാരാ ബീഗം.ടി, ജനറൽ സെക്രട്ടറി ഡോ.അരവിന്ദ്.സി.എസ് എന്നിവർ അറിയിച്ചു. സമരം തുടങ്ങിയതിനുശേഷം കാസർകോട്, വയനാട് മെഡിക്കൽ കോളേജുകളിലായി ഡോക്ടർമാരുടെ 44 തസ്തികകൾ സൃഷ്ടിച്ചിരുന്നു. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കാമെന്നും അറിയിച്ചിട്ടുണ്ട്. പ്രവേശന തസ്തികയിലെ ശമ്പള കുറവ് സമരത്തിന്റെ ആദ്യഘട്ടത്തിൽ പരിഹരിച്ചത് മെഡിക്കൽ കോളജുകളിലേക്ക് കൂടുതൽ യുവ ഡോക്ടർമാരെ ആകർഷിക്കുമെന്നും തസ്തികകൾ നികത്താൻ കഴിയുമെന്നും ഭാരവാഹികൾ പ്രതീക്ഷ പ്രകടിപ്പിച്ചു. ഡോക്ടർമാരുടെ റിലേ നിരാഹാരം 37ദിവസവും ഒ.പി,അക്കാഡമിക് ബഹിഷ്കരണം 15 ദിവസവും ശസ്ത്രക്രിയ ബഹിഷ്കരണം 12 ദിവസവും പിന്നിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |