SignIn
Kerala Kaumudi Online
Friday, 26 April 2024 1.25 PM IST

കേന്ദ്രാനുമതി വൈകാതിരുന്നാൽ: ശബരിമലയിൽ വിമാനം 3 വർഷത്തിനകം

air

തിരുവനന്തപുരം: പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ശബരിമല വിമാനത്താവളത്തിനുള്ള പ്രധാന കടമ്പയാണ് കടന്നത്. കേന്ദ്രത്തിന്റെ പാരിസ്ഥിതിക, മണ്ണുപരിശോധന, വ്യോമയാന, സാങ്കേതിക അനുമതികൾ കിട്ടാനുണ്ട്. ഇവ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ മൂന്നുവർഷം കൊണ്ട് വിമാനത്താവളം യാഥാർത്ഥ്യമാകും.

സാങ്കേതിക - സാമ്പത്തിക - പരിസ്ഥിതി - സാമൂഹ്യ ആഘാത പഠനങ്ങൾ ആറ് മാസത്തിനകം പൂർത്തിയാക്കും. 3500 മീറ്റർ റൺവേയ്ക്കടക്കം 2570 ഏക്കർ ഭൂമി ഏറ്റെടുക്കൽ അതിവേഗത്തിലാണ്. റൺവേയുടെ ദിശ കിഴക്കു-പടിഞ്ഞാറായിരിക്കും. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 25 ലക്ഷത്തിലേറെ വിദേശ മലയാളി കുടുംബങ്ങൾക്കും മൂന്നു കോടിയോളം ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടും.

88 കിലോമീറ്ററിൽ നെടുമ്പാശേരി, 120 കിലോമീറ്ററിൽ തിരുവനന്തപുരം, 200 കിലോമീറ്ററിൽ മധുര വിമാനത്താവളങ്ങൾ ഉള്ളതിനാൽ സിഗ്നലുകൾ കൂടിക്കലരാമെന്ന വ്യോമയാന ഡയറക്ടർ ജനറലിന്റെ ആശങ്ക അസ്ഥാനത്താണെന്ന് സംസ്ഥാനം മറുപടി നൽകിയിട്ടുണ്ട്. എയർ സ്പേസ് അലോക്കേഷൻ ഡിസൈൻ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് മറികടക്കാം. ചെന്നൈ, ഡൽഹി, മുംബയ്, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലും വിദേശത്തും വിജയകരമായി ഉപയോഗിക്കുന്നുണ്ട്.

എയർപോർട്ട് അതോറിട്ടിയും ഡി.ജി.സി.എയും ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതോടെ സൈറ്റ് ക്ലിയറൻസ് ഉടൻ ലഭിച്ചേക്കും. ജിയോടെക്‌നിക്കൽ പഠനത്തിൽ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ലൈസൻസുകളാണ് കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടത്.

റബർ തോട്ടമായതിനാൽ പാരിസ്ഥിതിക അനുമതിക്ക് തടസമുണ്ടാവില്ല. കേന്ദ്രാനുമതി ലഭിച്ചാലുടൻ വിമാനത്താവള കമ്പനി രജിസ്റ്റർ ചെയ്യും. പ്രവാസികളുടേതടക്കം സ്വകാര്യ ഓഹരിയാവും മൂലധനം.

അനുകൂല ഘടകങ്ങൾ

1. ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല

2. രണ്ട് ദേശീയ പാതകളും അഞ്ച് സംസ്ഥാന പാതകളും

3. ശബരിമലയിലേക്ക് 48, കോട്ടയത്തു നിന്ന് 40 കിലോമീറ്റർ

4. 2030ൽ 24.5ലക്ഷവും 2050ൽ 64.2ലക്ഷവും യാത്രക്കാർ

5. തീർത്ഥാടകരിൽ 25% ഉപയോഗിച്ചാൽ ലാഭകരമാവും

മദ്ധ്യകേരളത്തിൽ

വികസനക്കുതിപ്പ്

തീർത്ഥാടന, ടൂറിസം സർക്കീട്ടിൽ യാത്രക്കാർ വർദ്ധിക്കും

തമിഴ്നാട്ടിലെ തേനി ജില്ലക്കാർക്കും ഗുണം ചെയ്യും

കാർഷിക, സുഗന്ധവ്യഞ്ജന കയറ്റുമതി എളുപ്പമാവും

5000 പേർക്ക് നേരിട്ട് തൊഴിൽ. പത്തിരട്ടി പരോക്ഷ തൊഴിൽ

2250കോടി

പ്രതീക്ഷിക്കുന്ന ചെലവ്

1290കോടി

ഭൂമിയേറ്റെടുക്കാനും നിരപ്പാക്കാനും

''ശബരിമല വിമാനത്താവളം മധുരയടക്കം മറ്റ് വിമാനത്താവളങ്ങളെ ബാധിക്കില്ല. പരിസ്ഥിതി ആഘാതപഠനം പുരോഗമിക്കുകയാണ്. ക്ലിയറൻസ് ലഭിച്ചാൽ തുടർനടപടികൾ വേഗത്തിലാക്കും.''

-വി.തുളസീദാസ്

സ്പെഷ്യൽ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.