കൊച്ചി: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്നറിയിച്ച് സ്വകാര്യ വ്യക്തി പണസമാഹരണം നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. ക്ഷേത്രാങ്കണത്തിൽ വിഗ്രഹം വയ്‌ക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും അതിന്റെ പേരിൽ പണപ്പിരിവ് നടത്താനാകില്ലെന്നും വ്യക്തമാക്കുന്ന അറിയിപ്പ് വെർച്ച്വൽ ക്യൂ പ്ലാറ്റ് ഫോമിൽ പരസ്യപ്പെടുത്താനും കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം സ്വമേധയാ എടുത്ത ഹർജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് പരിഗണിക്കുന്നത്.
വാദത്തിനിടെ കോടതി ഇന്നലെ ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ വിശദീകരണം തേടിയിരുന്നു. ആചാരങ്ങളെ ബാധിക്കാത്ത വിധം പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നതിനു വേണ്ട സഹായങ്ങൾ നൽകാൻ നിർദ്ദേശിച്ച് ദേവസ്വം ബോർഡ് സെക്രട്ടറി കഴിഞ്ഞ് 4ന് കത്തയച്ചിരുന്നതായി എക്സിക്യുട്ടിവ് ഓഫീസർ അറിയിച്ചു. എന്നാൽ, പണസമാഹരണത്തിന് നിർദ്ദേശിച്ചിട്ടില്ല. വിഗ്രഹം സ്ഥാപിക്കാൻ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് അഭിഭാഷകൻ ജി. ബിജുവിന്റെ വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തത തേടിയ കോടതി ഇത് സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ നിർദ്ദേശിച്ചു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
അനുമതി നൽകിയെന്ന്
തമിഴ്നാട്ടിലെ ഈറോഡിലുള്ള ലോട്ടസ് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ.ഇ.കെ. സഹദേവനാണ് വിഗ്രഹം ക്ഷേത്രാങ്കണത്തിൽ സ്ഥാപിക്കാൻ കേരള സർക്കാരും ബോർഡും അനുമതി നൽകിയെന്ന് പറഞ്ഞ് പണപ്പിരിവ് തുടങ്ങിയത്. ഇതിനായി ക്യൂ ആർ കോഡ് സഹിതം തമിഴിൽ അച്ചടിച്ച നോട്ടീസും പുറത്തിറക്കിയിരുന്നു. ശബരിമലയിൽ രണ്ട് അടി ഉയരവും 108 കിലോ തൂക്കവുമുള്ള 9 ലക്ഷം രൂപ വിലയുള്ള പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി കിട്ടിയെന്നാണ് ആശുപത്രി ഉടമ തമിഴ്നാട്ടിലടക്കം പ്രചരിപ്പിച്ചത്. ഇത് ആരാധനയ്‌ക്കുള്ളതാണെന്ന് പറഞ്ഞായിരുന്നു പണപ്പിരിവ്.
ദിവ്യത്വത്തെ ബാധിക്കും
ഇത്തരത്തിലൊന്ന് സ്ഥാപിച്ചാൽ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിന്റെ ദിവ്യത്വത്തെ ബാധിക്കുമെന്ന് തന്ത്രി വിശദീകരിച്ചതായി സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്. തീരുമാനം തന്നെ അറിയിച്ചിട്ടില്ലെന്നും തന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, ലോട്ടസ് ആശുപത്രി ചെയർമാന് നോട്ടീസിനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |