
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പൂരത്തിലെ വലിയ അമിട്ടായ ശബരിമല വിഷയം വോട്ടാക്കി മാറ്റുന്നതിൽ മൂന്നു മുന്നണികൾക്കും പ്രതീക്ഷകളേറെ. ഒപ്പം വെല്ലുവിളികളും. ജാതി, മത സമവാക്യങ്ങൾ സൃഷ്ടിക്കുന്ന അടിയൊഴുക്കുകളും തിരഞ്ഞെടുപ്പിൽ നിർണായകമാകും. പതിവിന് വിരുദ്ധമായി മുന്നണികൾ വൻ തോക്കുകളെയടക്കം ഇറക്കി കളം നിറയ്ക്കുന്നതോടെ ഉയരുന്ന വീറും വാശിയും വരുന്ന നിയമസഭാ അങ്കത്തിന്റെ സെമി ഫൈനൽ പ്രതീതിയാണ് സൃഷ്ടിക്കുന്നത്.
2019ലെ ശബരിമല സ്ത്രീ പ്രവേശന പ്രശ്നം സൃഷ്ടിച്ച കെടുതികളുടെ ആഘാതത്തിൽനിന്ന് ഏതാണ്ട് മോചിതമായ ഘട്ടത്തിലാണ് കഴിഞ്ഞ സെപ്തംബറിൽ പിണറായി സർക്കാരും
തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് പമ്പയിൽ ആഗോള അയ്യപ്പസംഗമം
നടത്തിയത്. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രമെന്നും സ്ത്രീ പ്രവേശനത്തിന് ഒത്താശ ചെയ്തതിനുള്ള സർക്കാരിന്റെ പ്രായശ്ചിത്തമെന്നുംവരെ
വ്യാഖ്യാനിക്കപ്പെട്ട സംഗമം ഫലത്തിൽ സി.പി.എമ്മിനും മുന്നണിക്കും
മുക്തിദായകമായി.
ശബരിമല വിഷയത്തിൽ സർക്കാരിന്റെ എതിർചേരിയിൽ
നിന്നിരുന്ന എൻ.എസ്.എസ് സംഗമത്തിൽ പങ്കാളിയായി. ഒപ്പം, എസ്.എൻ.ഡി.പി യോഗത്തിന്റെ അകമഴിഞ്ഞ പിന്തുണയും കൈവന്നതോടെ, എൽ.ഡി.എഫിന് അത് രാഷ്ട്രീയ നേട്ടമായി.
അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും, വികസന മാസ്റ്റർപ്ളാൻ
നടപ്പാക്കുന്നതിലും ഉൾപ്പെടെ യു.ഡി.എഫും ബി.ജെ.പിയും കൈക്കൊണ്ട നിലപാടുകളിലെ
ആത്മാർത്ഥതയെ എൻ.എസ്.എസ് നേതൃത്വം ചോദ്യം ചെയ്തത് അവർക്ക് ആഘാതവുമായി.
പൂഴിക്കടകൻ
ശബരിമല സ്വർണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത് സർക്കാരിനെയും മുന്നണിയെയും പ്രതിരോധത്തിലാക്കി. യു.ഡി.എഫിനും ബി.ജെ.പിക്കും ഇത് സർക്കാരിനെ കടന്നാക്രമിക്കാനുള്ള വലിയൊരു ആയുധവുമായി. വിഷയത്തിൽ പ്രതിപക്ഷകക്ഷികൾ
ആരംഭിച്ച പ്രക്ഷോഭങ്ങൾ കൊഴുക്കുന്നതിനിടെയാണ് ദേവസ്വം ബോർഡിൽ പൊതു സമ്മതനായ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.ജയകുമാറിനെ പ്രസിഡന്റാക്കിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂഴിക്കടകൻ. ബൂത്തിൽ അയ്യപ്പൻ ആരെ തുണയ്ക്കുമെന്നത് പ്രവചനാതീതം.
വോട്ട് ബാങ്കുകളിലെ
ചോർച്ച തടയാൻ
കോൺഗ്രസും, ഇടതുപാർട്ടികളും അട്ടിപ്പേറാക്കിയ ഈഴവരാദി പിന്നാക്ക സമുദായങ്ങളുടെ
വോട്ടുകൾ വൻതോതിൽ ബി.ജെ.പിയിലേക്ക് ഒലിച്ചു പോയതാണ് തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെടെ അവരുടെ വൻമുന്നേറ്റത്തിന് കാരണം. പിന്നാക്കക്കാരോടുള്ള
അവഗണന മുതലെടുത്താണിത്. പിന്നാക്കക്കാരായ കൂടുതൽ സ്ഥാനാർത്ഥികളെ ഇറക്കി
ഈ ചോർച്ച തടയാനാണ് രണ്ട് മുന്നണികളുടെയും ശ്രമം. ഒപ്പം മുസ്ലീം,ക്രൈസ്തവ
മേഖലകളിൽ ഇടിച്ചു കയറാൻ ഇവർക്കൊപ്പം ബി.ജെ.പിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |