
തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) കേസ് അട്ടിമറിക്കാൻ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമ്മർദ്ദം ചെലുത്തുന്നതിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ പിന്മാറിയില്ലെങ്കിൽ പേര് വിവരങ്ങൾ പുറത്തുവിടുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുടെ ഓഫിസ് മുഖേനയാണ് ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഈ ഇടപെടൽ മൂലം അന്വേഷണം മന്ദഗതിയിലായ കാര്യം ഹൈക്കോടതി തന്നെ ശരിവച്ചതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
2019ൽ നടന്ന മോഷണം ഇത്രയും കാലം പുറത്തറിയാതെ പോയത് ദുരൂഹമാണ്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ 2024ലും സമാനമായ രീതിയിൽ മോഷണം ആവർത്തിക്കപ്പെടുമായിരുന്നു. ദേവസ്വം ബോർഡ് അംഗങ്ങൾ അടക്കമുള്ള വമ്പന്മാരുടെ പങ്കിനെക്കുറിച്ച് കോടതി തന്നെ പരാമർശിച്ചിട്ടുണ്ട്. ഇവരുടെ പങ്ക് അന്വേഷണത്തിൽ തെളിയുമോ എന്ന് രാജ്യം
ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'മര്യാദയുടെ പേരിൽ മാത്രമാണ് ഇപ്പോൾ പേരുകൾ വെളിപ്പെടുത്താത്തത്. അട്ടിമറി നീക്കം തുടരുകയാണെങ്കിൽ പേരുകൾ പുറത്തുവിടും. അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സിബിഐ അന്വേഷണം തന്നെയാണ് കോൺഗ്രസിന്റെ ആവശ്യം. കേരള പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന സാഹചര്യം വന്നാൽ സിബിഐ തന്നെ വേണമെന്ന് ഉറപ്പിച്ചു പറയേണ്ടി വരും'- വി ഡി സതീശൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |