
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തമിഴ്നാട്ടിലെ വിഗ്രഹക്കടത്തുകാരൻ ദാവൂദ് മണിയെന്ന ഡി-മണിയെ കണ്ടെത്താൻ എസ്.ഐ.ടി ചെന്നൈയിലെത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇയാളുമായി ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു. മണിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് പുരാതന കാലത്തെ വിഗ്രഹങ്ങളടക്കം കടത്തിയതിൽ ഇയാൾക്ക് പങ്കുണ്ടെന്ന വിവരം ലഭിച്ചത്.
മണിയും പോറ്റിയുമായി 2000 ഒക്ടോബറിൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പഞ്ചലോഹ വിഗ്രഹങ്ങളുടെ ഇടപാട് നടത്തിയതായും വിവരം കിട്ടി. മണിയുടെ സംഘത്തിലുള്ളവരെ എസ്.ഐ.ടി കണ്ടെത്തിയതായും സൂചനയുണ്ട്. ഇവരുടെ മൊഴിയെടുക്കും. ശബരിമലയിലെ 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും ഡി.മണി എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശി വാങ്ങിയെന്നുമാണ് പ്രവാസി വ്യവസായിയുടെ മൊഴി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ദുബായിലെ വ്യവസായിക്ക് ചില വിവരങ്ങൾ അറിയാമെന്ന വിവരം എസ്.ഐ.ടിയെ രേഖാമൂലം അറിയിച്ചത്. തുടർന്നാണ് വ്യവസായിയുടെ മൊഴിയെടുത്തത്.
2019- 20ലാണ് വിഗ്രഹങ്ങൾ കടത്തിയതെന്നാണ് വ്യവസായി എസ്.ഐ.ടിയെ അറിയിച്ചത്. ശബരിമലയുടെ ഭരണച്ചുമതലയുള്ള ഒരു ഉന്നതൻ നേതൃത്വം നൽകിയെന്നും പറഞ്ഞിരുന്നു. പോറ്റിയായിരുന്നു ഇതിനും ഇടനില നിന്നത്. 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വച്ചാണ് പണം കൈമാറ്റം നടന്നതെന്നും ഡി.മണിയും പോറ്റിയും ഉന്നതനും മാത്രമാണ് പങ്കെടുത്തതെന്നുമാണ് മൊഴി.
പണമെത്തിച്ചത്
റോഡ് മാർഗം
ദാവൂദ് മണി വിമാനമാർഗം തിരുവനന്തപുരത്തെത്തി ഹോട്ടലിൽ വച്ച് പണം കൈമാറിയെന്നാണ് വിവരം. പണം ദിണ്ഡുഗലിൽ നിന്ന് റോഡ് മാർഗമെത്തിച്ചെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി. മണിയുടെ പശ്ചാത്തലവും കുറ്റകൃത്യങ്ങളുമെല്ലാം എസ്.ഐ.ടി തേടുന്നുണ്ട്. അന്വേഷണത്തിന് തമിഴ്നാട് പൊലീസിന്റെയും സഹായം തേടിയേക്കും. അതേസമയം, റിമാൻഡിലുള്ള ഗോവർദ്ധന്റെ ബെല്ലാരിയിലെ റൊദ്ധം ജുവലറിയിൽ എസ്.ഐ.ടി പരിശോധന നടത്തി. രണ്ടാം തവണയാണ് പരിശോധന നടത്തുന്നത്. നേരത്തെ നടത്തിയ പരിശോധനയിൽ സ്വർണം പിടിച്ചെടുത്തിരുന്നു. എന്നാൽ ഇത് ശബരിമലയിൽ നിന്ന് കവർന്ന സ്വർണമായിരുന്നില്ല. തൊണ്ടിമുതൽ കണ്ടെടുക്കാനുള്ള ശ്രമമാണ് എസ്.ഐ.ടി നടത്തുന്നതെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |