
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ആചാര കാര്യത്തിൽ അവസാന വാക്കായ താഴമൺ കുടുംബത്തിന്റെ മുൻഗാമികൾ ആന്ധ്രയിൽ നിന്നെത്തിയവരാണ്. താൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിൽ താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നതിനായി പരശുരാമൻ ആന്ധ്രയിലെ കൃഷ്ണാ നദീ തീരത്തു നിന്ന് രണ്ട് ബ്രാഹ്മണ സഹോദരന്മാരെ കേരളത്തിലേക്ക് കൊണ്ടു
വന്നുവെന്നാണ് ഐതിഹ്യം.
കേരളത്തിലേക്ക് തിരിച്ച സഹോദരന്മാരുടെ കഴിവ് പരീക്ഷിക്കാൻ പരശുരാമൻ കൃഷ്ണാ നദിയിൽ പ്രളയം സൃഷ്ടിച്ചു. സഹോദരന്മാരിൽ ഒരാൾ തന്റെ സിദ്ധി ഉപയോഗിച്ച് ജലത്തിന് മുകളിലൂടെയും മറ്റെയാൾ ഇരു കൈകളുംകൊണ്ട് വെള്ളത്തെ വകഞ്ഞുമാറ്റി നദിയുടെ താഴെത്തട്ടിലൂടെ നടന്നും ഇക്കരെയെത്തി. താന്ത്രിക ശക്തിയാൽ താഴെക്കൂടി നടന്നുവന്ന ബ്രാഹ്മണശ്രേഷ്ഠന്റെ പരമ്പരയാണ് പിന്നീട് താഴമൺ തന്ത്രിമാരെന്ന പേരിൽ അറിയപ്പെട്ടത്. ജലത്തിന് മുകളിലൂടെ നടന്ന് നദി തരണം ചെയ്തവരുടെ വംശക്കാർ തരണനല്ലൂർ തന്ത്രിമാരും. പന്തളം രാജാവ് ശബരിമലയിലെ താന്ത്രിക കാര്യങ്ങൾ നിർവഹിക്കാൻ ആന്ധ്രയിൽ നിന്ന് എത്തിച്ചതാണ് താഴമൺ തന്ത്രിമാരെയെന്നും പറയുന്നുണ്ട്..
ശബരിമല ക്ഷേത്രം അഗ്നിബാധയിൽ നശിച്ച ശേഷം 1084ൽ അയ്യപ്പ വിഗ്രഹം പ്രതിഷ്ഠിച്ചത് കണ്ഠര് പ്രഭാകരരാണ്. 1950ൽ ക്ഷേത്രം വീണ്ടും അഗ്നിബാധയുണ്ടായപ്പോൾ വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് ഇന്ന് കാണുന്ന പുതിയ പഞ്ചലോഹ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തിയത് അക്കാലത്തെ തന്ത്രിയായിരുന്നു.
വിലക്കപ്പെട്ട
തന്ത്രിയും
കണ്ഠരര് മഹേശ്വരരുടെ പിതാവിന്റെ അനുജനാണ് കണ്ഠരര് ശങ്കരര്. ശങ്കരർക്ക് ആൺമക്കളില്ലാത്തതിനാൽ താന്ത്രികാവകാശം നിലച്ചു. പിന്നീട് സഹോദരന്മാരായ കണ്ഠരര് മഹേശ്വരരും കണ്ഠരര് കൃഷ്ണരും തന്ത്രിമാരായി. മഹേശ്വരരുടെ മകൻ കണ്ഠരര് മോഹനർക്ക് ശബരിമലയുടെ താന്ത്രിക ചുമതല ലഭിച്ചെങ്കിലും വിവാദങ്ങളിൽപ്പെട്ടതോടെ ദേവസ്വം ബോർഡ് ശബരിമലയിലെ താന്ത്രിക അവകാശം വിലക്കി. തുടർന്ന് മഹേശ്വരർക്കൊപ്പം കണ്ഠരര് മോഹനരുടെ മകൻ കണ്ഠരര് മഹേഷ് മോഹനര് സഹായിയായി എത്തി. മഹേശ്വരരുടെ മരണത്തോടെ നിലവിൽ കണ്ഠരര് മോഹനർക്കാണ് ശബരിമലയുടെ താന്ത്രിക ചുമതല.
കണ്ഠരര് കൃഷ്ണരുടെ മകനാണ് കണ്ഠരര് രാജീവരര്. രാജീവരരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തൻ. രാജീവരർക്കൊപ്പം ബ്രഹ്മദത്തനും ശബരിമലയിൽ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നുണ്ട്. ശബരിമലയിലെ താന്ത്രിക ചുമതല ചിങ്ങം ഒന്നു മുതൽ കർക്കടകം വരെ ഒരോ വർഷം വീതം രണ്ടു കുടുംബങ്ങളും മാറി മാറിയാണ് നിർവഹിക്കുന്നത്. 15 രാജ്യങ്ങളിലായി ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെ താന്ത്രിക പൂജകളാണ് ഈ രണ്ടു കുടുംബങ്ങളും ചേർന്ന് നിർവഹിക്കുന്നത്. താഴമൺ തന്ത്രിമാർക്ക് നിയന്ത്രണമുള്ള ക്ഷേത്രങ്ങളിൽ ധ്വജത്തിന്റെ തണ്ട് വടക്കു ദിശയിലേക്ക് തിരിഞ്ഞിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |