
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരെ എസ്.ഐ.ടി അറസ്റ്റു ചെയ്ത വാർത്ത വിശ്വസിക്കാനാവാതെ ഭക്തർ. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനെന്ന നിലയിലാണ് അയ്യപ്പ ഭക്തർ തന്ത്രിമാരെ ആരാധിക്കുകയും ബഹുമാനിക്കുയും ചെയ്തിരുന്നത്. അയ്യപ്പന്റെ സ്വർണം കടത്തിക്കൊണ്ടു പോകാൻ അറിഞ്ഞു കൊണ്ട് തന്ത്രി കൂട്ടുനിൽക്കില്ലെന്നാണ് പല ഭക്തരുടെയും വിശ്വാസം.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അറസ്റ്റിന് ശേഷം വൈദ്യ പരിശോധന കഴിഞ്ഞ് മടങ്ങും വഴി തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചിരുന്നു. കേസിൽ സർക്കാർ കടുത്ത സമ്മർദ്ദത്തിലായതോടെ ശ്രദ്ധ തിരിക്കാനാണ് അറസ്‌റ്റെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ തന്ത്രിയുടെ അറസ്റ്റ് നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അയ്യപ്പഭക്ത സംഘടനകളോ ഹൈന്ദവ സംഘടനകളോ പ്രതിഷേധിക്കാതിരുന്നതും ശ്രദ്ധേയമായി. ശബരിമലയിൽ യുവതീ പ്രവേശന സമയത്ത് താന്ത്രിക കർമ്മങ്ങൾ നിർവഹിച്ചിരുന്നത് കണ്ഠരര് രാജീവരാണ്.
2025ൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ പുറത്തു കൊണ്ടു പോയി സ്വർണം പൂശാൻ ദേവന്റെ അനുജ്ഞ തേടണമെന്ന് മുൻ ബോർഡ് അന്ന് തന്ത്രിയായിരുന്ന രാജീവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വർണപ്പാളികൾ പുറത്തു കൊണ്ടുപോകാൻ രാജീവരര് അനുവദിച്ചില്ല. തുടർന്ന് നിലവിലെ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് താന്ത്രിക ചുമതല ഏറ്റെടുത്ത ശേഷമാണ് ദേവന്റെ അനുജ്ഞ തേടുകയും പാളികൾ ചെന്നൈയിലേക്ക് കൊണ്ടു പോവുകയും ചെയ്തത്. കോടതിയുടെ അനുമതി തേടാതെ ചെയ്ത ഈ നടപടി ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയെപ്പറ്റി അന്വേഷണം തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |