
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉൾപ്പെട്ട താഴമൺ കുടുംബത്തെ ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിന്റെ തന്ത്രിസ്ഥാനത്ത് നിന്ന് ഉടനടി മാറ്റണമെന്ന് എസ്.എൻ.ഡി.പി വൈദികയോഗം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോടിക്കണക്കിന് ഭക്തരുടെ ആരാധനാ മൂർത്തിയാണ് അയ്യപ്പസ്വാമി. സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരും ഉൾപ്പെട്ടത് ഭക്തരുടെ മനസ് തകർക്കുന്ന സംഭവമാണ്.
2006ൽ കൊച്ചിയിലുണ്ടായ അപമാനകരമായ സംഭവത്തിന്റെ പേരിൽ കേസിലെ പരാതിക്കാരനായിട്ടുപോലും കണ്ഠരര് മോഹനരെ തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ഹിന്ദു സമൂഹത്തിനുതന്നെ അപമാനകരമായ പ്രവൃത്തികളാണ് തന്ത്രി കുടുംബാംഗങ്ങൾ ചെയ്യുന്നത്. താഴമൺ കുടുംബത്തിന് ശബരിമല തന്ത്രിമാരായി തുടരാൻ ധാർമ്മികമായി ഇനി അർഹതയില്ല.
സ്വയം മാറിയില്ലെങ്കിൽ അവരെമാറ്റി പുതിയ തന്ത്രിയെ നിയമിക്കാൻ ദേവസ്വംബോർഡ് തയ്യാറാകണം.
മലഅരയർ പൂജനടത്തിയ ക്ഷേത്രത്തിൽ താഴമൺ കുടുംബത്തെ ബലമായി അവരോധിക്കപ്പെട്ടതാണ്. പുരാതനമായ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആറ് തന്ത്രിമാരുണ്ട്. അതിന് സമാനമായി ജാതിഭേദമന്യേ ആറോ ഏഴോ യോഗ്യരായ തന്ത്രിമാരെ ശബരിമലയിലും നിയമിക്കണം. താഴമൺ കുടുംബത്തെ തന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിന് ആചാരപരമായി ഒരു വിലക്കുമില്ലെന്നും പ്രമേയത്തിൽ പറയുന്നു.
എറണാകുളത്ത് ചേർന്ന യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി അദ്ധ്യക്ഷനായി. സെക്രട്ടറി സന്തോഷ് ശാന്തി കുട്ടനാട്, സംഘടനാ സെക്രട്ടറി ഇൻ ചാർജ് സൗമിത്രൻ തന്ത്രി, വൈസ് പ്രസിഡന്റുമാരായ ഷിബു ശാന്തി, ശിവദാസൻ ശാന്തി, ജോ. സെക്രട്ടറിമാരായ അഖിൽരാജ് ശാന്തി, ഷാജി ശാന്തി, നന്ദു ശാന്തി കൊടുങ്ങല്ലൂർ, വിശ്വംഭരൻ ശാന്തി കൊടകര തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |