
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി, ദ്വാരപാലകശില്പം എന്നിവയ്ക്ക് പുറമെ അയ്യപ്പഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണവും കൊള്ളയടിച്ചതായി ഇ.ഡി കണ്ടെത്തി. വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾക്കു പുറമെയാണിത്. ഇവയിലും വിശദമായ അന്വേഷണം ഇ.ഡി ആരംഭിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും സാമ്പത്തിക ഇടപാടുകളിലും ഇ.ഡി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചത്. ഇവയുടെ അടിസ്ഥാനത്തിൽ 2019 മുതൽ 2025 വരെ ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ധനികരും വ്യവസായികളുമായ അയ്യപ്പഭക്തർ കാണിക്കയായി സ്വർണനാണയങ്ങളും ആഭരണങ്ങളും സമർപ്പിക്കാറുണ്ട്. ഇവ ദേവസ്വം വരുമാനത്തിൽ വകവയ്ക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യാതെ തട്ടിയെടുത്ത് കടത്തിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം.
ശബരിമലയിലെ പൂജകൾ, ലഭിക്കുന്ന വരുമാനങ്ങൾ, കരാറുകൾ തുടങ്ങിയവയിലും ക്രമക്കേടുകൾ നടന്നിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരം ഇവയെക്കുറിച്ചും ഇ.ഡി വിശദമായി അന്വേഷിക്കും. ഇതുസംബന്ധിച്ച രേഖകളുടെ പരിശോധനയും തെളിവുശേഖരണവും ആരംഭിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ള
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ
ജാമ്യഹർജിയിൽ വിധി ഇന്ന്
കൊല്ലം:ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്.കൊല്ലം വിജിലൻസ് കോടതി ജഡ്ജ് സി.എസ് മോഹിത്താണ് ഇന്നത്തേക്ക് മാറ്റി.ജാമ്യം ലഭിച്ചെന്ന പേരിൽ ഇന്നലെ ചില ചാനലുകളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും വാർത്ത പ്രചരിച്ചത് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചിരുന്നു.
അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാഷൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചിരുന്നു.എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന് വിശദീകരിച്ച് പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരും പോറ്റിയും തമ്മിലുള്ള ബന്ധം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തണം.നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്ക്,ഏതെല്ലാം തരത്തിൽ നഷ്ടമുണ്ടായിട്ടുണ്ട് തുടങ്ങിവ അന്വേഷിച്ച് അവ വീണ്ടെടുക്കണം.ജാമ്യം അനുവദിച്ചാൽ ഉയർന്ന ജാമ്യത്തുക ഉൾപ്പെടെയുള്ള കടുത്ത ഉപാധികൾ വ്യവസ്ഥ ചെയ്യണമെന്നും പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ വാദിച്ചു.തുടർന്നാണ് ജാമ്യഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചത്.
ജാമ്യം ലഭിച്ചാലും ജയിൽ മോചിതനാകില്ല
ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചാലും കട്ടിളപ്പാളി കേസിൽ പ്രതിയായതിനാൽ പോറ്റി ജയിൽ മോചിതനാകില്ല.എന്നാൽ,കട്ടിളപ്പാളി കേസിൽ നവംബർ 3നാണ് പോറ്റിയെ അറസ്റ്റ് ചെയ്ത്തിനാൽ ഫെബ്രുവരി ഒന്നിന് 90 ദിവസം പൂർത്തിയാകും.ഇതിനു മുൻപ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഇരുകേസുകളിലും ജാമ്യം ലഭിക്കും.അതിനാൽ ഇടക്കാല കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാറിനെ ഇന്നലെ ഒരു ദിവസത്തേക്ക് എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിട്ടു.കൂടുതൽ മൊഴിയെടുക്കണമെന്ന ആവശ്യത്തിലാണ് ഒരു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു ശ്രീകുമാർ.ചോദ്യം ചെയ്തശേഷം വൈകിട്ട് ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടക്കി അയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |