
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. രാത്രിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ശങ്കരദാസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കേസിലെ 11ാം പ്രതിയാണ്. ജയിലിലെ മെഡിക്കൽ ഓഫീസർ രേഖകൾ പരിശോധിച്ചശേഷം ജയിലിലെ ആശുപത്രി സെല്ലിൽ അഡ്മിറ്റ് ചെയ്തു. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരമാണ് ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ഇക്കഴിഞ്ഞ 17നാണ് ശങ്കരദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ആശുപത്രിയിൽ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതോടെയാണ് ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് 27ന് കോടതിക്ക് റിപ്പോർട്ട് നൽകും.
അതേസമയം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ഇതോടെ ഇയാൾ ജയിൽ മോചിതനായി. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളിയിലെയും സ്വർണം അപഹരിച്ച കേസുകളിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്.മോഹിത് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ശബരിമല സ്വർണക്കൊള്ള കേസുകളിൽ ആദ്യമായി ജയിൽമോചിതനാകുന്ന പ്രതിയാണ് മുരാരി ബാബു. രണ്ടു ആൾ ജാമ്യവും രണ്ടുലക്ഷം രൂപയ്ക്ക് തുല്യമായ ഈടും നൽകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |