
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത് കുട്ടിയുടെ ചടങ്ങിനല്ലെന്നും പോറ്റിയുടെ പിതാവുമായി ബന്ധപ്പെട്ടാണെന്നും കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. കടകംപള്ളിയും രാജു ഏബ്രഹാമും പോറ്റിയുടെ പിതാവിന് സമ്മാനം കൊടുക്കുന്ന ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്.
എട്ടുവർഷത്തിനു മുൻപ് നടന്ന ചടങ്ങാണ്. അവിടെ ഇരുന്ന ഉപഹാരം കൊടുക്കുകയായിരുന്നെന്നാണ് കരുതുന്നത്. ഗൺമാനും ഉണ്ടായിരുന്നു. രാജു ഏബ്രഹാമും എത്തിയിരുന്നു.
പോറ്റി ക്ഷണിച്ചതു കൊണ്ടാണ് പോയത്. കൃത്യമായി ഓർമ്മയില്ല. പത്ത് പ്രാവശ്യം പോയാലും പറയാൻ മടിയില്ല. അയാളുമായിട്ട് ഒരു തരത്തിലുള്ള ശരിയല്ലാത്ത ബന്ധവുമില്ല. ശബരിമലയിൽ വച്ച് നിരവധി തവണ കണ്ടിട്ടുണ്ട്. ശരിയായ ഭക്തൻ എന്നനിലയിൽ മാത്രമേ കണ്ടിരുന്നുള്ളൂ.2025ലാണ് പോറ്റിയെക്കുറിച്ചുള്ള വാർത്ത വന്നത്.
പോറ്റിയെ സോണിയ വീട്ടിൽ
കയറ്റില്ലെന്ന് കടകംപള്ളി
ശബരിമല സ്വർണക്കൊള്ളക്കേസിൽ സോണിയാ ഗാന്ധിയുടെ ബന്ധമാരോപിച്ച് എൽ.ഡി.എഫ് നിയമസഭയിൽ പ്രതിരോധമൊരുക്കുന്നതിനിടെ, അതിനു വിരുദ്ധമായ
നിലപാടെടുത്ത മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വെട്ടിലായി. കളങ്കിതനായ വ്യക്തിയെ സോണിയാഗാന്ധി വീട്ടിൽ കയറ്റുമെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ പോറ്റിയുമായി നിൽക്കുന്ന ചിത്രം പങ്കുവയ്ക്കുമ്പോൾ എതിർചിത്രങ്ങൾ വരുന്നത് സ്വാഭാവികമെന്നാണ് കടകംപള്ളി സുരേന്ദ്രൻ നിയമസഭയ്ക്ക് പുറത്ത് പറഞ്ഞത്. സോണിയ ഗാന്ധിയുടെ കൂടെയുള്ള ചിത്രം ഞങ്ങൾ ആയുധമാക്കുന്നില്ലല്ലോയെന്നും പറഞ്ഞു.സി.പി.എമ്മിന് പോറ്റിയുമായെന്തോ ബന്ധമെന്ന് സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ സ്വാഭാവികമായിട്ടും ഇതെല്ലാം ഉയർന്നുവന്നതാണ്. അടൂർ പ്രകാശ് നിരവധി ചടങ്ങുകളിൽ പങ്കെടുത്തെന്ന് പറയുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു.
പരാമർശം വാർത്തയായതോടെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്ന് വിശദീകരിച്ചു. താനും പോറ്റിയും നിൽക്കുന്ന ചിത്രം പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ സ്വാഭാവികമായും എതിർചിത്രങ്ങളും വരാൻ സാധ്യതയുണ്ടെന്നാണ് പറഞ്ഞതെന്നും വ്യക്തമാക്കി.
ചോദ്യംചെയ്ത്
അറസ്റ്റിലേക്ക് കടക്കാൻ ഇ.ഡി
പ്രത്യേക ലേഖകൻ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രതികളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചു. സ്വത്തു കണ്ടുകെട്ടും.
എസ്.ഐ.ടിയുടെ വലയിൽപ്പെടാത്ത പ്രമുഖർ ഇ.ഡിയുടെ നിരീക്ഷണത്തിലാണ്.
രേഖകളിലെ വിവരങ്ങൾ സ്ഥിരീകരിക്കാനുള്ള തുടർപരിശോധനകളും നടത്തും. ഇ.ഡി പിടിച്ചെടുത്ത രേഖകളും പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്.ഐ.ടി) നിന്ന് ലഭിച്ച രേഖകളും താരതമ്യം ചെയ്യും. പ്രതികളുടെ പണമിടപാടുകൾ, സ്വത്തുക്കൾ, നിക്ഷേപങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.
പ്രതികളുമായി ബന്ധമുള്ളവരും കൊള്ളയ്ക്ക് ഒത്താശ ചെയ്തവരുമുൾപ്പെടെ എസ്.ഐ.ടി പ്രതി ചേർക്കാത്തവരെയും ചോദ്യം ചെയ്യും. പ്രതികളുമായി പണമിടപാടുകൾ നടത്തിയവരുടെ പ്രാഥമികവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 2019 മുതലുള്ള ദേവസ്വം മന്ത്രിമാരിൽ നിന്നു വിവരം ശേഖരിക്കുമെന്നാണ് സൂചന.
പ്രതി ചേർത്തവരുടെ സ്വത്തു വിവരം ശേഖരിച്ചിട്ടുണ്ട്. കണ്ടുകെട്ടലിന് മുന്നോടിയായി ഇവ മരവിപ്പിക്കും. സ്ഥലവും കെട്ടിടങ്ങളും നിക്ഷേപങ്ങളും മറ്റും കൈമാറ്റം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സമാനമായ നടപടി സ്വീകരിച്ചിരുന്നു.
കരാർ ജീവനക്കാരുടെ
രജിസ്റ്ററിൽ ക്രമക്കേട്
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സന്നിധാനത്തെ ദേവസ്വം അറ്റൻഡൻസ് രജിസ്റ്ററിൽ ക്രമക്കേട് കണ്ടെത്തി. സ്വർണം മോഷണംപോയ കാലയളവിലെ താത്കാലിക ജീവനക്കാരുടെ രജിസ്റ്ററുകളാണ് പരിശോധിച്ചത്. പകുതിപ്പേർ പോലും രജിസ്റ്ററിൽ ഒപ്പിട്ടിട്ടില്ല. ഇവർ ജോലി കഴിഞ്ഞുപോയ ശേഷമാണ് രജിസ്റ്ററിൽ പേര് എഴുതിയതെന്നും കണ്ടെത്തി. സ്വർണം മോഷ്ടിച്ച കാലയളവിൽ ആരൊക്കെയായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നതെന്ന് അറിയാൻ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് വ്യക്തമായത്.
മണ്ഡല , മകരവിളക്ക് കാലത്ത് സന്നിധാനത്ത് സ്ഥിരമായി ജോലി ചോദിച്ചുവാങ്ങിയെത്തുന്നവരുടെ വിവരവും ശേഖരിച്ചു.
ഓരോ ഡ്യൂട്ടിക്കും നിയോഗിക്കപ്പെട്ടവരുടെ പട്ടികയും എടുത്തിട്ടുണ്ട്. ദൈനംദിന കാര്യങ്ങൾ രേഖപ്പെടുത്തുന്ന ദേവസ്വം മഹസറും മൂന്നംഗ എസ്.ഐ.ടി സംഘം പരിശോധിച്ചു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |