
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹെെക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സ്വർണക്കൊള്ള കേസ് ഇന്ന് ഹെെക്കോടതി പരിഗണിക്കാനിരിക്കെയാണ് അന്വേഷണ പുരോഗതിയെ കുറിച്ചുള്ള റിപ്പോർട്ട് എസ്ഐടി സമർപ്പിച്ചത്.
ദ്വാരപാലക ശിൽപങ്ങൾ അടക്കമുള്ള സ്വർണപാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ടിനൊപ്പം ഹാജരാക്കി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോർട്ടിൽ ഉണ്ടാകും. സ്വർണപ്പാളികളിൽ നിന്ന് കൂടുതൽ സ്വർണം നഷ്ടമായി എന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
2021ലെ ബോർഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കെെമാറിയതെന്നാണ് എസ്ഐടി കണ്ടെത്തൽ. എന്നാൽ അഡ്വക്കറ്റ് കമ്മീഷണറുടെയും ഹെെക്കോടതിയുടെയും അറിവോടെയാണ് കെെമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതേസമയം, സ്വർണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്ന് സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഖില കേരള തന്ത്രി പ്രചാരക് സഭ ഹെെക്കോടതിയിൽ ഹർജി നൽകി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊലീസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അതിനാൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
'വാജി വാഹനം' തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തെ നിലവിലെ കേസുമായി ബന്ധിപ്പിക്കുകയാണ്. ഇത് അന്വേഷണം വഴിതിരിച്ചുവിടാനാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. സ്വർണക്കൊള്ളയിൽ രാജ്യാന്തര ബന്ധങ്ങളുണ്ട്. അതിനാൽ സിബിഐ അന്വേഷണം വേണമെന്ന് തന്ത്രി സമാജം ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |