
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്രിന് (ഇ.ഡി) പിന്നാലെ സി.ബി.ഐയും എത്തിയേക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ ദേവസ്വം ബെഞ്ച് സി.ബി.ഐയോട് നിലപാട് തേടിയിരുന്നു. അടുത്ത തവണ പരിഗണിക്കുമ്പോൾ സന്നദ്ധത അറിയിക്കും. സി.ബി.ഐ വന്നാൽ, കൊള്ളയിൽ പങ്കുള്ള രാഷ്ട്രീയക്കാരടക്കം വൻതോക്കുകൾ അകത്താവും. കള്ളപ്പണ, റിയൽഎസ്റ്രേറ്റ് ഇടപാടുകളും തെളിയും.
ഇ.ഡിയുടെ പക്കലുള്ള റിമാൻഡ് റിപ്പോർട്ടുകളും മൊഴികളും രേഖകളുമടക്കം സി.ബി.ഐ പരിശോധിച്ചു തുടങ്ങി. സ്വർണപ്പാളികൾ വിദേശത്തേക്ക് കടത്തിയെന്നും ഉരുക്കിയെടുത്ത് അന്യസംസ്ഥാനങ്ങളിൽ വിറ്റെന്നുമടക്കം ആരോപണമുയരുന്നതിനാൽ ഫലപ്രദമായ അന്വേഷണത്തിന് സി.ബി.ഐ വേണ്ടിവരും.
ഒറിജിനൽ സ്വർണപ്പാളികൾ കടത്തിയശേഷം, ചെമ്പിൽ പുതിയതുണ്ടാക്കി സ്വർണംപൂശി തിരികെവച്ചതാണോയെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ശ്രീകോവിലിൽ ഇപ്പോഴുള്ള സ്വർണപ്പാളികളുടെ കാലപ്പഴക്കം വി.എസ്.എസ്.സിയുടെ ലാബിൽ പരിശോധിക്കുകയാണ്. ഈ ഫലം നിർണായകമായിരിക്കും.
പ്രതിപ്പട്ടികയിൽ ചേർത്തവരിൽത്തന്നെ, പലരെയും അറസ്റ്റ് ചെയ്യാൻ എസ്.ഐ.ടി തയ്യാറായിട്ടില്ല. എസ്.ഐ.ടിക്ക് ഗുരുതരവീഴ്ചയെന്നും അന്വേഷണത്തിന്റെ വിശ്വാസ്യത സംശയം ജനിപ്പിക്കുന്നതാണെന്നും പ്രതിചേർക്കുന്നതിൽ വിവേചനം കാണിക്കുന്നുണ്ടെന്നും ഹൈക്കോടതി കഴിഞ്ഞദിവസം അതിരൂക്ഷമായി വിമർശിച്ചിരുന്നു.
പിന്നാലെയാണ് സ്വർണം ഉരുക്കിയ ചെന്നൈ സ്മാർട്ട്ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജുവലറിയുടമ ഗോവർദ്ധനെയും അറസ്റ്റ് ചെയ്തത്. ബോർഡ് മുൻ അംഗങ്ങളിലേക്കു പോലും അന്വേഷണം നീണ്ടില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.
കൊള്ളയടിച്ച സ്വർണം എവിടെപ്പോയെന്ന് കണ്ടെത്താനായിട്ടില്ല. ബെല്ലാരിയിലെ ഗോവർദ്ധന്റെ ജൂവലറിയിൽ നിന്ന് 470ഗ്രാം സ്വർണം പിടിച്ചെടുത്തെങ്കിലും ഇത് ശബരിമലയിൽനിന്ന് നഷ്ടമായതല്ല. സ്വർണം കണ്ടെത്താനായില്ലെങ്കിൽ കേസ് ദുർബലമാവും.
വിദേശ അന്വേഷണം സി.ബി.ഐയ്ക്ക് മാത്രം
സ്വർണപ്പാളി വിദേശത്തേക്ക് കടത്തി 500കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. പിന്നാലെ ദുബായിലെ വ്യവസായി എസ്.ഐ.ടിക്ക് ഇത് സാധൂകരിക്കുന്ന മൊഴിയും നൽകി.
സ്വർണപ്പാളികൾ കടൽമാർഗം ദുബായിലെത്തിച്ച് അധോലോകകുറ്റവാളിയുടെ സംഘത്തിന് കൈമാറിയെന്നും അത് മറ്റൊരു അറബ് രാജ്യത്തെ സുൽത്താന്റെ പക്കലെത്തിയെന്നുമൊക്കെയാണ് എസ്.ഐ.ടിക്ക് ലഭിച്ചിരിക്കുന്ന വിവരം.
ഇന്റർപോളുമായി ചേർന്ന് വിദേശരാജ്യങ്ങളിലെ അന്വേഷണത്തിന് സി.ബി.ഐയ്ക്കേ കഴിയൂ. വിദേശത്തെ എംബസികളിൽ അറ്റാഷെമാരായുള്ള ഐ.പി.എസുകാർ വിവരശേഖരണത്തിനും അന്വേഷണത്തിനും സി.ബി.ഐയെ സഹായിക്കും. അന്യസംസ്ഥാനങ്ങളിൽ നടന്ന ഗൂഢാലോചനയുടെ ചുരുളഴിക്കാനും കൊള്ളയടിച്ച സ്വർണം കണ്ടെടുക്കാനും കഴിയും.
വിഗ്രഹങ്ങളും ദൈവികാംശമുള്ള സ്വർണപ്പാളികളുമൊക്കെ മോഷ്ടിക്കുന്നത് വിദേശത്ത് അവയുടെ വിലമതിക്കാനാവാത്ത 'ഡിവൈൻ വാല്യു' ഉപയോഗിച്ച് കോടികൾ നേടാനാണ്.
ഇന്ത്യയിൽ നിന്നുള്ള അപൂർവ വിഗ്രഹങ്ങളും ശില്പങ്ങളും യു.എസ്, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലെ പല ആർട്ട് ഹൗസുകളിലും വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങളിലുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |