
കൊല്ലം: വനിതാ ഡോക്‌ടർ വന്ദനാ ദാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സന്ദീപ് ആശുപത്രിയിലെത്തിച്ചപ്പോൾ അക്രമാസക്‌തനായിരുന്നില്ലെന്ന് പൊലീസ്. അതിനാൽ വിലങ്ങ് അണിയിച്ചിരുന്നില്ല. അടിപിടിക്കേസിൽ പ്രതിയായല്ല, മറിച്ച് പരിക്കേറ്റയാൾ എന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
സന്ദീപ് ശാന്തനായി ഡോക്‌ടറുടെ മുന്നിൽ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിംഗ് മുറിയിൽ നിന്ന് പൊലീസുകാർ പുറത്തിറങ്ങി. ഇതിനിടെ സന്ദീപിന്റെ ബന്ധുവായ ബിനു അടുത്തെത്തിയതോടെ ഇയാൾ അക്രമാസക്‌തനായിരുന്നു. ആദ്യം ബന്ധുവിന് നേരെയാണ് ആക്രമണ ശ്രമം നടത്തിയത്. ബന്ധുവിനെ ചവിട്ടി വീഴ്‌ത്തി. തുടർന്നാണ് ഡോക്‌ടർക്കുനേരെയും പൊലീസുകാർക്ക് നേരെയും ആശുപത്രിയിലെ സർജിക്കൽ ഉപകരണം ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് പുലർച്ചെ നാലുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ഇന്നലെ രാത്രി പ്രതിയും സഹോദരനും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അനുജൻ ആക്രമിച്ചെന്ന് പറഞ്ഞ് സന്ദീപ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ഇയാളുടെ കാലിൽ പരിക്കേറ്റിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സന്ദീപാണ് അതിക്രമം കാണിച്ചതെന്ന് മനസിലായതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ വൈദ്യപരിശോധനയ്‌ക്കും മുറിവ് തുന്നിക്കെട്ടാനുമായിട്ടാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്. കഴുത്തിലും നെഞ്ചിലും മുതുകിലുമായി ആറോളം കുത്തുകളാണ് വന്ദനയ്‌ക്കേറ്റത്. ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |