പൊതുഅവധി ദിനം വരുന്ന ആഴ്ചയിൽ ഒരു ശനിയാഴ്ച ക്ളാസ്
തിരുവനന്തപുരം: ഇരുപത്തിയഞ്ച് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ നീക്കത്തിന് വിദഗ്ധ സമിതിയുടെ തിരുത്ത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്കൂളുകളിലെ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതിയുടേതാണ് ശുപാർശ. ഇതനുസരിച്ച് യു.പി., ഹൈസ്കൂൾ തലത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തിദിനം വരാത്തവിധത്തിൽ മാസത്തിൽ ഒരു ശനിയാഴ്ച മാത്രമേ പ്രവൃത്തിദിനമാക്കാനാവൂ. ആഴ്ചയിൽ ഒരു അവധിദിനം വന്നാൽ ആ ശനിയാഴ്ച പ്രവൃത്തിദിനമാക്കാം. എന്നാൽ മാസത്തിൽ ഒരു ശനിയാഴ്ചയേ ഇങ്ങനെ പ്രവൃത്തിദിനമാക്കാനാവൂ.
ചില പ്രധാന
ശുപാർശകൾ
ടേം പരീക്ഷകൾ രണ്ടായി ചുരുക്കുക. പാത വാർഷിക പരീക്ഷ ഒഴിവാക്കി അർദ്ധ വാർഷിക പരീക്ഷ ഒക്ടോബറിലും വാർഷിക പരീക്ഷ മാർച്ചിലും നടത്തുക.
എൽ.പി ക്ലാസുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടതില്ല. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചുള്ള മണിക്കൂറുകൾ എൽ.പി ക്ലാസുകൾക്ക് ലഭിക്കുന്നുണ്ട്.
ഹൈസ്കൂൾ ക്ളാസുകളിൽ വെള്ളിയാഴ്ച ഒഴികെ നിലവിലെ അദ്ധ്യയനസമയം ഓരോ ദിവസവും അരമണിക്കൂർ വീതം വർദ്ധിപ്പിക്കാം.
ഉച്ചയ്ക്ക് ശേഷമുള്ള ഇന്റർവെൽ സമയം അഞ്ച് മിനിട്ടിൽ നിന്ന് പത്ത് മിനിട്ടായി ഉയർത്തണം. ഇതിനായുള്ള അഞ്ച് മിനിട്ട് ഉച്ചഭക്ഷണ ഇടവേളയിൽ നിന്ന് കണ്ടെത്താം
സ്കൂളുകളിലെ കലാ- കായിക മത്സരങ്ങൾ ശനിയാഴ്ചകളിലേക്ക് മാറ്റണം.
വിദഗ്ധസമിതി അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കൗൺസിലേഴ്സ് തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കുന്നതിനെ ശക്തമായി എതിർത്തെന്നാണ് അറിയുന്നത്. റിപ്പോർട്ട് വിശദമായി പരിശോധിച്ചതിനു ശേഷം വരുന്ന അക്കാഡമിക് വർഷം തന്നെ കലണ്ടർ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രൊഫ.വി.പി ജോഷിത്, ഡോ.അമർ എസ്.ഫെറ്റിൽ, ഡോ.ദീപ ഭാസ്‌കരൻ, ഡോ.പി.കെ ജയരാജ്, ഡോ.എൻ.പി നാരായണനുണ്ണി എന്നിവരായിരുന്നു സമിതി അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |