ന്യൂഡൽഹി : കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗും ഡി.എം.കെയും സുപ്രീംകോടതിയെ സമീപിച്ചു. നിയമ ഭേദഗതി മുസ്ലിം സമുദായത്തിന്റെ മതപരമായ സ്വയംഭരണത്തിനും വ്യക്തിഗത അവകാശങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് ലീഗ് ഹർജിയിൽ പറയുന്നു. ഭരണഘടനാ വിരുദ്ധമാണ് നിയമഭേദഗതി.
മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ് ലീഗ്. അവരെ ഒഴിപ്പിക്കരുത്. പാർട്ടി പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പലവട്ടം സമുദായ നേതാക്കളുടെ യോഗം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതി മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരമാകുമോയെന്ന സംശയവും ലീഗ് ഉന്നയിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി എന്നിവർ മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ചർച്ച നടത്തിയ ശേഷമാണ് ഹർജി സമർപ്പിച്ചത്.
രാജ്യത്തെ 20 കോടി മുസ്ലിങ്ങളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമെന്ന് ഡി.എം.കെ ഹർജിയിൽ പറയുന്നു. ലോക്‌സഭാംഗവും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ എ. രാജയാണ് ഹർജിക്കാരൻ. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്, എസ്.ഡി.പി.ഐ, സമസ്‌തകേരള ജംഇയ്യത്തുൽ ഉലമ, കോൺഗ്രസ് എം.പിയും ലോക്‌സഭയിലെ പാർട്ടി വിപ്പുമായ മുഹമ്മദ് ജാവേദ് എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
അടിയന്തരമായി പരിഗണിക്കണം
ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ജമഅത്ത് ഉലമ-ഇ-ഹിന്ദിന്റെ അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ ചീഫ് ജസ്റ്രിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെട്ടു. പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹദുൽ മുസ്ലീമിൻ നേതാവും ലോക്‌സഭാംഗവുമായ അസദുദ്ദിൻ ഒവൈസിയുടെ അഭിഭാഷകനും ഹർജി അടിയന്തരമായി ലിസ്റ്ര് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |