
ന്യൂഡൽഹി: സർക്കാർ- ഗവർണർ സമവായം അസാദ്ധ്യമെന്ന് ബോദ്ധ്യമായ സുപ്രീംകോടതി ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സിമാരെ സ്വയം നിയമിക്കാനുള്ള നടപടികളിലേക്ക് കടന്നു. ജസ്റ്റിസ് ധൂലിയ അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റികൾ ഏറ്റവും യോഗ്യതയുള്ള ഓരോരുത്തരെ ഒന്നാം പേരുകാരാക്കി പട്ടിക തയ്യാറാക്കണം. ഇത് വരുന്ന ബുധനാഴ്ചയ്ക്കകം കൈമാറണം. വ്യാഴാഴ്ച (18ന്) സുപ്രീംകോടതി നിയമന ഉത്തരവിറക്കും.
ഡോ. സിസാ തോമസിനുവേണ്ടി ഗവർണറും എതിർപ്പുമായി മുഖ്യമന്ത്രിയും ഉറച്ചു നിന്നതോടെയാണ് കോടതി തീരുമാനമറിയിച്ചത്. സിസയുടെ പേരിലെ തമ്മിലടിയിൽ വലിയ നിരാശയാണ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പ്രകടിപ്പിച്ചത്. സമവായത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല. ഇതു ദൗർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു.
ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണി മുദ്രവച്ച കവറിൽ രഹസ്യക്കത്ത് സമർപ്പിക്കാൻ ശ്രമിച്ചെങ്കിലും കോടതിയത് തുറന്നില്ല. മുഖ്യമന്ത്രിയുടെ കത്തിനുള്ള മറുപടിയായിരുന്നു കവറിൽ. മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സർക്കാരിനുവേണ്ടി അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത അറിയിച്ചു. സിസയുടെ കാര്യത്തിൽ മാത്രമാണ് മുഖ്യമന്ത്രിക്ക് എതിർപ്പ്. ഡിജിറ്റൽ സർവകലാശാലയുടെ പ്രവർത്തനം സിസ താറുമാറാക്കിയെന്നും വാദിച്ചു. എന്നാൽ ഗവർണർ അവരുടെ നിയമനത്തെ അംഗീകരിക്കുകയാണെന്ന് അറ്റോർണി ജനറൽ പ്രതികരിച്ചു. രണ്ടു പട്ടികയിലും സിസയുടെയും ഡോ. പ്രിയ ചന്ദ്രന്റെയും പേരുകളുണ്ടല്ലോയെന്ന് കോടതി ചോദിച്ചു.
കമ്മിറ്റി പരിഗണിക്കേണ്ടത്
1. സിസയെ സാങ്കേതിക സർവകലാശാലയിലും പ്രിയയെ ഡിജിറ്റൽ സർവകലാശാലയിലും വി.സിമാരായി നിയമിക്കണമെന്ന ഗവർണറുടെ ശുപാർശ
2. ഇരു പട്ടികയിലും സിസയുടെയും പ്രിയയുടെയും പേരുള്ളത് മെരിറ്റിനുള്ള അംഗീകാരമാണെന്ന ഗവർണറുടെ നിലപാട്
3. ഡിജിറ്റലിൽ ഡോ. സജി ഗോപിനാഥിനെയും സാങ്കേതിക സർവകലാശാലയിൽ ഡോ. സി.സതീഷ്‌കുമാറിനെയും നിയമിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം
4. സിസയ്ക്കെതിരെ മുഖ്യമന്ത്രിക്കും സജിക്കെതിരെ ഗവർണർക്കുമുള്ള എതിർപ്പ്. ഡിജിറ്റൽ പട്ടികയിലുള്ള ഡോ. എം.എസ്.രാജശ്രീയോട് ഗവർണർക്കുള്ള എതിർപ്പ്
ഇനി
1. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും വാദംകേട്ട് കോടതി ഉത്തരവിറക്കും
2. അനുകൂല ഉത്തരവ് ലഭിക്കാത്തവർ പുനപരിശോധനാ ഹർജി നൽകും
നിയമനം ഇവരിൽ നിന്ന്
(ജസ്റ്റിസ് ധൂലിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്ന പട്ടിക)
ഡിജിറ്റൽ
ഡോ. സിസാ തോമസ്
ഡോ. ജിൻ ജോസ്
ഡോ. പ്രിയ ചന്ദ്രൻ
ഡോ. എം.എസ്. രാജശ്രീ
ഡോ. സജി ഗോപിനാഥൻ
സാങ്കേതികം
ഡോ. ജി.ആർ.ബിന്ദു
ഡോ. സി.സതീഷ്‌കുമാർ
ഡോ. സിസാ തോമസ്
ഡോ. പ്രിയ ചന്ദ്രൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |