SignIn
Kerala Kaumudi Online
Sunday, 08 February 2026 8.06 AM IST

സുപ്രീംകോടതി വിധി, വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ബലാത്സംഗമല്ല

Increase Font Size Decrease Font Size Print Page

p

പീഡനക്കേസ് നിലനിൽക്കില്ല

ന്യൂഡൽഹി: വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി മറ്റൊരാൾ പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് സുപ്രീംകോടതി. പരസ്‌പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേ‌ർപ്പെട്ടശേഷം ബന്ധം വഷളാകുമ്പോൾ ബലാത്സംഗക്കേസ് നൽകുന്ന പ്രവണതയെ വിമർശിച്ച കോടതി ഇത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്നും വ്യക്തമാക്കി. ബന്ധം വഷളാകുമ്പോൾ ബലാത്സംഗക്കുറ്റത്തെ വ്യക്തി വൈരാഗ്യം തീർക്കാൻ ഉപയോഗിക്കാനാകില്ല.

ഇത്തരം പീഡനപരാതികൾ ബലാത്സംഗക്കുറ്റത്തിന്റെ ഗൗരവത്തെ നിസാരമാക്കും. പ്രതിയുടെമേൽ മായാത്ത കളങ്കമാണ് ഇത് പതിപ്പിക്കുന്നത്. ഈമട്ടിലുള്ള പരാതികൾ പരിഗണിക്കുമ്പോൾ കീഴ്ക്കോടതികൾ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഛത്തീസ്ഗഢിലെ അഭിഭാഷകനെതിരെ അഭിഭാഷക നൽകിയ ബലാത്സംഗക്കേസും ഇതുമായി ബന്ധപ്പെട്ട് ബിലാസ്‌പൂർ സെഷൻസ് കോടതിയിലെ തുടർവിചാരണനടപടികളും റദ്ദാക്കി കൊണ്ടാണ് കോടതി വിധി. ഛത്തീസ്ഗഢ് ഹൈക്കോടതി എഫ്.ഐ.ആർ റദ്ദാക്കാൻ തയ്യാറാകാത്തതിനെ തുട‌ർന്ന് പ്രതിയായ പ്രമോദ് കുമാർ നവ്‌രത്നയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇവിടെ പീഡനത്തിനിരയായെന്ന് പറയുന്ന സ്ത്രീ വിവാഹിതയാണ്. നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ല. ഒരു വിവാഹം നിലനിൽക്കെ രണ്ടാംവിവാഹത്തിൽ ഏർപ്പെടാനാകില്ല. കുറ്റകൃത്യം നടന്നുവെന്ന് പറയുന്ന കാലത്ത് പരാതിക്കാരിക്ക് നിയമപരമായി വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ മറ്റൊരാളുടെ വിവാഹ വാഗ്ദാനം നിയമപരമായി നടപ്പാക്കാനാകില്ല.

താൻ വിവാഹിതയാണെന്നും വിവാഹമോചനത്തിന് കേസ് നടക്കുകയാണെന്നും പറയുന്ന അതേശ്വാസത്തിൽ വിവാഹ വാഗ്ദാനം ലഭിച്ചതുകൊണ്ടാണ് ശാരീരിക ബന്ധത്തിന് തയ്യാറായതെന്നും പറയാൻ പരാതിക്കാരിയെ അനുവദിക്കാനാകില്ലെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. അതേസമയം, അഭിഭാഷകയുടെ വിവാഹജീവിതത്തിലെ താളപ്പിഴകൾ അറിഞ്ഞുവച്ചു കൊണ്ടാണ് പ്രതി അവരെ ഇരയാക്കിയതെന്ന് ഛത്തീസ്ഗഢ് സർക്കാർ വാദിച്ചു

നിയമപ്രക്രിയയുടെ

ദുരുപയോഗം

ഛത്തീസ്ഗഢ് കേസിൽ പ്രോസിക്യൂഷൻ നടപടികൾ തുടരാൻ അനുവദിക്കുന്നത് നിയമപ്രക്രിയയുടെ ദുരുപയോഗമാകുമെന്നും സുപ്രീംകോടതി

പരസ്‌പര സമ്മതത്തോടെയുള്ള ബന്ധത്തിൽ വിള്ളലുണ്ടായതോടെ ക്രിമിനൽ കേസ് നൽകി. ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെ ദുരുപയോഗമാണിത്

പരാതിക്കാരി സാധാരണ സ്ത്രീയല്ല, അഭിഭാഷകയാണ്. കേസ് കൊടുക്കും മുൻപ് വിവേകവും വിവേചനവും ഉപയോഗിക്കണമായിരുന്നു.

ഗർഭഛിദ്രത്തിന്

നിർബന്ധിച്ചു

33 വയസുള്ള അഭിഭാഷകയ്‌ക്ക് 11 വയസുള്ള മകനുണ്ട്. 2022 സെപ്‌തംബർ 18ന് ഒരു പരിപാടിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 2025 ഫെബ്രുവരി 6ന് പീഡനപരാതി നൽകി. വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണെന്ന് അഭിഭാഷകനോട് പറഞ്ഞെങ്കിലും,​ വിവാഹവാഗ്ദാനം നൽകി നിരന്തരം ശാരീരിക ബന്ധത്തിലേർപ്പെട്ടുവെന്നാണ് അഭിഭാഷകയുടെ ആരോപണം. നെറുകയിൽ സിന്ദൂരമണിയിച്ച് വിവാഹ വാഗ്ദാനം നൽകി. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഒഴിഞ്ഞുമാറി. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നുമാണ് പരാതി. അതേസമയം, വിവാഹം കഴിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതിയുടെ വാദം.

TAGS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.