കൊച്ചി: കഴിഞ്ഞ എട്ടു വർഷത്തിനിടെ പട്ടികജാതി - പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിദേശപഠന സഹായമായി സംസ്ഥാന സർക്കാർ നൽകിയത് 160 കോടിയിലേറെ രൂപ. ഇതിൽ 148 കോടിയിലേറെ പട്ടികജാതി വിഭാഗത്തിനും 11 കോടിയിലേറെ പട്ടികവർഗ വിഭാഗത്തിനുമാണ്. 2019 മുതൽ 2023 മാർച്ച് വരെ 600ലേറെ പേർക്ക് ഈയിനത്തിൽ സർക്കാർ സഹായം ലഭിച്ചു. 2016 മുതൽ 2019 വരെയുള്ളതും 2023 മാർച്ച് മുതലുള്ളതുമായ കണക്കുകൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും സംസ്ഥാന വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ ഓഫീസ് വ്യക്തമാക്കുന്നു.
അതേസമയം, 2011മുതൽ 2016വരെയുള്ള യു.ഡി.എഫ് ഭരണകാലത്ത് ആകെ എട്ടുപേർക്കാണ് ധനസഹായം അനുവദിച്ചത്. 61,94,270 രൂപ മാത്രം. കുടുംബ വാർഷിക വരുമാനത്തിന്റെയും വിദ്യാർത്ഥികൾ ഹാജരാക്കുന്ന വിനിയോഗ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഒന്നിലേറെ ഘട്ടങ്ങളായി വിദേശ പഠനസഹായം അനുവദിക്കുന്നത്.
2024 ജനുവരി മുതൽ ധനസഹായത്തിന്റെ വിതരണം ഒഡേപെക് എന്ന സർക്കാർ ഏജൻസി മുഖേനയാക്കി. ഒഡേപെക് വന്നതിനുശേഷം 340 വിദ്യാർത്ഥികൾക്കായി 27.53കോടി രൂപ വിദേശപഠന സഹായമായി നൽകി. രാജു വാഴക്കാലയ്‌ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് കണക്ക്.
പൈലറ്റാകാൻ 2.54 കോടി
സംവരണ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പൈലറ്റുമാരാകാനും (ഏവിയേഷൻ കോഴ്‌സ്) ധനസഹായം നൽകുന്നുണ്ട്. 2016 ഏപ്രിൽ ഒന്ന് മുതൽ 2024 നവംബർ 30വരെ പട്ടികജാതി -പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 13 വിദ്യാർത്ഥികൾക്കായി 2.54കോടിയിലേറെ അനുവദിച്ചു. 2011-16ൽ അഞ്ചുപേർക്കാണ് പൈലറ്റുമാരാകാൻ ധനസഹായം നൽകിയത്. അതും 62 ലക്ഷത്തിനടുത്ത് മാത്രം (61,98,000).
പട്ടികജാതി - പട്ടികവർഗ വിദ്യാർത്ഥികൾക്ക് 2016 മുതൽ 2024വരെ വിദേശപഠന സഹായം----- 160,65,96,913 രൂപ
പട്ടികജാതി വിഭാഗത്തിന്----148,78,17,842 രൂപ
പട്ടിക വർഗ്ഗ വിഭാഗത്തിന് ---- 11,87,79,071 രൂപ
ഏവിയേഷൻ കോഴ്‌സ്----- 2,54,05,040 രൂപ
യു.ഡി.എഫ് കാലത്ത് (2011-16)
വിദേശപഠന സഹായം --61,94,270 രൂപ
ഏവിയേഷൻ കോഴ്‌സ്---- 61,98,000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |