
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ കേസ് രജിസ്റ്റർ ചെയ്യാൻ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യൂണിറ്റിന് കേന്ദ്രം അനുമതി നൽകിയതായി റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചശേഷം ഇഡി കേസ് അന്വേഷണം നടത്തുമെന്നാണ് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ശബരിമല സ്വർണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചനയിൽ കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ഇഡി ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് ഇഡി സമാന്തരമായി അന്വേഷണം നടത്തുന്നതിനെ മുൻപ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എതിർത്തിരുന്നു. തുടർന്ന് കഴിഞ്ഞ ഡിസംബർ 19ന് കൊല്ലം വിജിലൻസ് കോടതി കേസ് രേഖകൾ ഇഡിയ്ക്ക് കെെമാറാൻ എസ്ഐടിയോട് ആവശ്യപ്പെട്ടിരുന്നു.
ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾക്കകം തന്നെ കേസിന്റെ രേഖകളുടെ പകർപ്പ് കൈമാറാൻ ഇഡി പൊലീസിനെ സമീപിച്ചെങ്കിലും അനുകൂല അവസ്ഥയായിരുന്നില്ല ഉണ്ടായത്. ഇതേ തുടർന്ന് ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ സർക്കാർ ഇതിനെ എതിർത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം മികച്ചരീതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഏതെങ്കിലും രീതിയിലുള്ള ഫെമ ലംഘനം കണ്ടെത്തിയിട്ടില്ലെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഇഡിയോട് വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധിയുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |