തിരുവനന്തപുരം: സംസ്ഥാനത്ത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അത്തരമൊരു നീക്കവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
'കേര' പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കത്തിന്റെ പകർപ്പ് മാദ്ധ്യമങ്ങളിൽ വരാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകൾ ചോരുന്നതും അത് മാദ്ധ്യമങ്ങളിൽ വരുന്നതും ധനകാര്യ സ്ഥാപനത്തിന മുന്നിൽ സർക്കാരിന്റെ വിശ്വാസ്യത ചോർച്ചയ്ക്ക് കാരണമാവും. അത്തരമൊരു വീഴ്ച എങ്ങനെയുണ്ടായെന്ന് മനസിലാക്കുന്നത് സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. ഇതിനെ മാദ്ധ്യമ പ്രവർത്തകർക്കെതിരാണെന്ന് ചിത്രീകരിക്കുന്നത് വ്യാജ പ്രചരണമാണ്. ഈ വസ്തുതാ അന്വേഷണത്തിന്റെ ഭാഗമായി മാദ്ധ്യമ പ്രവർത്തകരെ വിളിച്ച് വരുത്തി തെളിവെടുക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ല.
സംസ്ഥാന സർക്കാരിനെ ലക്ഷ്യം വച്ച് നേരിട്ടും അല്ലാതെയും നിരന്തരം വ്യാജ വാർത്തകളും കുപ്രചാരണങ്ങളും ഉണ്ടാകുന്നു. ഇതിനെ എല്ലാം കേസെടുത്തോ അടിച്ചമർത്തിയോ നേരിടുക എന്നതല്ല സർക്കാർ നയം. കേരളീയരുടെ ഉയർന്ന മാദ്ധ്യമ സാക്ഷരതയും രാഷ്ട്രീയ ബോദ്ധ്യവും കൊണ്ടാണ് ഇത്തരം വാർത്തകൾക്ക് ജനങ്ങളെ സ്വാധീനിക്കാൻ കഴിയാത്തത്.
അടിയന്തരാവസ്ഥയും അതിന്റെ ഭാഗമായ സെൻസറിങ്ങും പിന്നീട് നിരവധി പത്രമാരണ നടപടികളും ഈ നാട്ടിലുണ്ടായിട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകരും മാദ്ധ്യമ സ്ഥാപനങ്ങളും വലിയ വെല്ലുവിളിയും പ്രതിസന്ധിയും നേരിടുന്നുണ്ട് .അത്തരമൊരു നടപടിയോടും ഈ സർക്കാർ യോജിക്കുന്നില്ല.ഇല്ലാത്ത സംഭവം ഉണ്ടെന്നാവർത്തിച്ചു പ്രചരിപ്പിച്ച് , മാദ്ധ്യമ സ്വാതന്ത്ര്യം ധ്വംസിക്കപ്പെടുന്ന ഇടങ്ങളോട് കേരളത്തെ സമീകരിക്കാനുള്ള ശ്രമമാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |