തിരുവനന്തപുരം: എ.ഐ ക്യാമറ ടെൻഡറിൽ വിവാദവും അതിൻമേൽ അന്വേഷണവും തുടരവേ സെക്രട്ടേറിയറ്റിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിൽ തീപിടിത്തമുണ്ടായതിൽ ആശങ്ക. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി അനിൽകാന്ത് ഉത്തരവിട്ടു.
നോർത്ത് ബ്ളോക്കിനോട് ചേർന്ന് സാൻവിച്ച് ബ്ളോക്കിന്റെ മൂന്നാംനിലയിൽ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയിലാണ് തീപടർന്നത്. എ.സിയിലെ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നും ഫയലുകൾ നശിച്ചിട്ടില്ലെന്നും ഫയർഫോഴ്സ് ഡയറക്ടർ ടെക്നിക്കൽ പറഞ്ഞു. എ.സി പൂർണമായും ഉരുകി. മുറിയിലെ തടിക്കസേരയിലേക്കും ജനൽ, കർട്ടൻ, സീലിംഗ് എന്നിവയിലേക്കും തീ പടർന്നിരുന്നു.
ഇന്നലെ രാവിലെ 7.15ന് ഓഫീസ് ജീവനക്കാരൻ എ.സിയും ലൈറ്റുകളും ഓണാക്കിയിരുന്നു. അരമണിക്കൂറിനു ശേഷമാണ് എ.സിയിൽ നിന്ന് പുക ഉയർന്നതും തീ പടർന്നതും. ജീവനക്കാരൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ അഗ്നിശമനി ഉപയോഗിച്ച് തീ കെടുത്തി. പിന്നാലെ, ചെങ്കൽച്ചൂളയിൽ നിന്ന് ഫയർ ഫോഴ്സിന്റെ രണ്ടുയൂണിറ്റ് എത്തി പൂർണമായും കെടുത്തുകയായിരുന്നു. ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് സംഘവും പരിശോധന നടത്തി.
നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിന്റെ അന്വേഷണം നടക്കവേ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ 2020 ആഗസ്റ്റിൽ സമാനമായ തീപിടിത്തമുണ്ടായി ഫയലുകൾ കത്തിനശിച്ചിരുന്നു. ഫാനിലെ ഷോർട്ട് സർക്യൂട്ടാണ് അന്ന് കാരണമായി കണ്ടെത്തിയത്.
ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഓഫീസിലേത് ഇ - ഫയലുകളാണ്
- മന്ത്രി പി.രാജീവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |